തിരുവനന്തപുരം: ജപ്തി നടപടികളിലൂടെ ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്നതൊഴിവാക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം കൈവരിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൺ വാഗ്ദാനവും നൽകിയിരുന്നു. വീട്ടുജോലി എടുക്കുന്നവരെ സംരക്ഷിക്കുന്ന പദ്ധതിയാണ്. ഇതിന് ചീഫ് സെക്രട്ടറി അടങ്ങിയ സമിതിക്ക് ചുമതല നൽകിയിട്ടുണ്ട്. 20 ലക്ഷം അഭ്യസ്ത വിദ്യർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15 നകം റിപ്പോർട്ട് നൽകാൻ കെഡിസ്കിനെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാനുള്ള തുടർ പ്രവർത്തനം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ എല്ലാ സേവനങ്ങളും ജനത്തിന്റെ അവകാശമാണ്. ഓരോ തീരുമാനവും ജനത്തിന് വേണ്ടിയുള്ളതാണ്. അത് ജനത്തിന് വേണ്ടിയുള്ളതാകണം. സർക്കാർ സേവനം ഓൺലൈനായി വീട്ടുപടിക്കലെത്തും. ഒക്ടോബർ രണ്ടിന് ഈ പദ്ധതി നിലവിൽ വരും വിധം അന്തിമരൂപം നൽകാൻ തീരുമാനിച്ചുവെന്നും ഐടി സെക്രട്ടറിയും വിദഗ്ദ്ധരും അടങ്ങിയ സമിതിയാണ് ഇതിന് അന്തിമ രൂപം നൽകുകയെന്നും അദ്ദേഹം വിശദീകരിച്ചു.
ഇ-ഓഫീസ്, ഇ-ഫയൽ പദ്ധതികൾ കൂടുതൽ വിപുലമായി നടപ്പാക്കും. ചീഫ് സെക്രട്ടറി, ഫൈനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ ഏകജാലക സംവിധാനം വേണം. അതിനൊരു ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി വേണം. ഇതിനൊരു നിയമ നിർമ്മാണം വേണമെന്നും അതിന് വേണ്ടി ഉദ്യോഗസ്ഥ തല സമിതിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments