തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളോട് സജ്ജരാകാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരണ സമിതി സ്ഥിതി വിലയിരുത്തിയെന്നും കേന്ദ്ര രക്ഷാസേനകളുടെയടക്കം യോഗം വിളിച്ച് മഴക്കാല പൂർവ തയ്യാറെടുപ്പിന്റെ അവലോകനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മെയ് 14 ഓടെ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും മുന്നറിയിപ്പ് കിട്ടി. ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളമില്ല. എന്നാൽ 14, 15 തീയതികളിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വായുസേന ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ ചെയ്യും. മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 13 ഓടെ അറബിക്കടൽ കൂടുതൽ പ്രക്ഷുബ്ധമാകും. ഇന്ന് അർധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിക്കുകയാണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കാതെ ആരും കടലിൽ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളോട് സുരക്ഷിത തീരത്തേക്ക് മാറാൻ നിർദ്ദേശം നൽകി. കടലാക്രമണം ശക്തിപ്പെടാൻ സാധ്യതയുണ്ട്. തീരപ്രദേശത്ത് കഴിയുന്നവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം നൽകും. ഇടിമിന്നലോട് കൂടിയ വേനൽ മഴ അടുത്ത ദിവസങ്ങളിലും തുടർന്നേക്കും. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കവും രൂപപ്പെട്ടേക്കും. മരങ്ങൾ കടപുഴകി വീണോ മലയോര മേഖലയിൽ മണ്ണിടിച്ചിൽ മൂലമോ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രത്യേകം ജാഗ്രത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
Read Also: ‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം, കൂട്ടംചേരൽ ഒഴിവാക്കണം’; മുഖ്യമന്ത്രി
വൈദ്യുതി ബന്ധത്തിൽ തകരാർ വരുന്ന മുറയ്ക്ക് യുദ്ധകാലടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താൻ വേണ്ട തയ്യാറെടുപ്പും ടാസ്ക് ഫോഴസും വൈദ്യുതി വകുപ്പ് മുൻകൂട്ടി സജ്ജമാക്കി. ന്യൂനമർദ്ദത്തിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവരങ്ങൾ യഥാസമയം പൊതുജനത്തെ അറിയിക്കും. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments