തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വൈകിയേക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച എട്ടിന് തന്നെ വോട്ടെണ്ണൽ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തപാൽ വോട്ടുകൾ എണ്ണത്തീരാൻ സമയമെടുക്കുന്നതിനാലാണ് ഫലപ്രഖ്യാപനം വൈകുന്നത്. നാളെ രാവിലെ പത്ത് മണിയോടെ മാത്രമായിരിക്കും ആദ്യ ഫല സൂചനകൾ പുറത്തുവരിക.
ഇത്തവണ ട്രെൻഡ് സോഫ്റ്റ്വെയർ ഇല്ല. എന്നാൽ ഫലം വേഗത്തിലെത്താനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തപാൽ വോട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ല. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ട്. http://result.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും.
ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 4,54,237 തപാൽ വോട്ടുകളാണ് എണ്ണേണ്ടത്. ഞായറാഴ്ച രാവിലെ വരെ തപാൽ ബാലറ്റുകൾ എത്തിയ്ക്കാൻ സമയമുണ്ട്. ഒരു ബാലറ്റ് എണ്ണാൻ 40 സെക്കൻഡ് വേണമെന്നതാണ് കണക്ക്. തപാൽ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാൽ ഫലം പ്രഖ്യാപിക്കാൻ നാല് മണി ആയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments