കണ്ണൂര്‍: ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത തലശ്ശേരിയിൽ തലപുകഞ്ഞ് ഇടത് വലത് മുന്നണികൾ. മനഃസാക്ഷി വോട്ടെന്ന് ബി.ജെ.പി ജില്ല നേതൃത്വം തീരുമാനിച്ചപ്പോള്‍ വോട്ട് സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനാണ് എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്ര മന്ത്രി വി. മുരളീധരനും നേതൃത്വം തിരുത്തി. അപ്പോഴും സി.ഒ.ടി നസീറിനെ പിന്തുണക്കുമെന്ന് ജില്ല നേതൃത്വം പറയുന്നില്ല. എന്തായാലും ബി.ജെ.പി വോട്ട് കോണ്‍ഗ്രസിനും സി.പി.എമ്മിനും കിട്ടില്ലെന്ന് ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും വിനോദ്കുമാര്‍ പറയുന്നു.
തലശ്ശേരിയില്‍ ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് കെ.പി.സി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാരകന് എം.പി പറഞ്ഞു. ബി.ജെ.പിയോട് വോട്ട് ചോദിക്കില്ല. സി.പി.എമ്മിനെ തോല്പിക്കുകയാണ് ലക്ഷ്യമെന്നും കെ. സുധാകരന് പറഞ്ഞു. അതേസമയം, ബി.ജെ.പി വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യത്തിന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് ബി.ജെ.പി വോട്ട് വേണ്ടെന്ന് തീര്ത്തുപറഞ്ഞതുമില്ല. ബി.ജെ.പി പിന്തുണ സ്വീകരിക്കുമെന്ന് ആദ്യം പറഞ്ഞ സി.ഒ.ടി. നസീര്‍ പിന്നീട് ബി.ജെ.പി വോട്ട് വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ബി.ജെ.പി ജില്ല പ്രസിഡന്റ് എന്‍. ഹരിദാസിന്റെ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥി ഇല്ലാതെപോയത്. 2016ല്‍ 22215 വോട്ടുകളാണ് ബി.ജെ.പി നേടിയത്. ആര്.എസ്.എസ്-സി.പി.എം സംഘര്‍ഷത്തിന്റെ പതിറ്റാണ്ടുകളുടെ ചരിത്രമുള്ള തലശ്ശേരിയില്‍ ബി.ജെ.പി വോട്ട് സി.പി.എമ്മിന് പോകില്ലെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. തലശ്ശേരിയില്‍ ഇക്കുറി വിജയിക്കാന്‍ തന്നെയാണ് മത്സരമെന്ന് കെ. സുധാകരന് പറയുന്നു. സി.പി.എമ്മിന്റെ മുന്‍ലോക്കല്‍ കമ്മിറ്റിയംഗവും പാര്‍ട്ടിയില്‍നിന്ന് പുറത്തായ ശേഷവും പി. ജയരാജനുമായി അടുപ്പം സൂക്ഷിക്കുകയും ചെയ്യുന്ന സി.ഒ.ടി. നസീറിനെ പിന്തുണക്കുന്നതില് തലശ്ശേരി ബി.ജെ.പിയില്‍ കടുത്ത എതിര്‍പ്പുണ്ട്.
അതേസമയം, ബി.ജെ.പി വോട്ട് ഷംസീറിന് കിട്ടാന്‍ പ്രാദേശികതലത്തില്‍ ചില നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ അതൃപ്തിയുള്ള പി.ജെ ആര്‍മിക്ക് തലശ്ശേരി മണ്ഡലത്തില്‍ സ്വാധീനമുണ്ട്. സി.ഒ.ടി. നസീര്‍ വധശ്രമം, ധാര്‍ഷ്ട്യം കലര്‍ന്ന പ്രവര്‍ത്തന ശൈലി തുടങ്ങിയ വിഷയങ്ങളില്‍ ഷംസീറിനെതിരെ പാര്‍ട്ടിയിലും പുറത്തും പൊതുവികാരമുണ്ട്. എല്ലാം ചേര്‍ന്നുവന്നാല്‍ ഷംസീര്‍ കഴിഞ്ഞ തവണ നേടി 34,117 വോട്ട് മറികടന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി. അരവിന്ദാക്ഷന് അട്ടിമറി സൃഷ്ടിച്ചേക്കാമെന്നതാണ് ഒടുവിലത്തെ നില. സി.പി.എമ്മിന്റെ കുത്തക സീറ്റാണെങ്കിലും 2006ല്‍ കോടിയേരി ബാലകൃഷ്ണന് 10055 വോട്ടുകളുടെ മാത്രം ഭൂരിപക്ഷം നല്കിയ ചരിത്രവും മണ്ഡലത്തിനുണ്ട്.
Post Your Comments