തിരുവനന്തപുരം : ഇരട്ടവോട്ട് വിവാദത്തിന് പിന്നില്‍ യുഡിഎഫാണെന്ന് തെളിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയുകയാണ് ആദ്യം വേണ്ടതെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കും ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് കടകംപള്ളി രംഗത്ത് എത്തിയത്.
ചെന്നിത്തലയുടെ അമ്മ ദേവകിയ്ക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51-ാം ബൂത്തിലുമാണ് വോട്ടുള്ളത്. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.എസ്.എസ് ലാലിന് രണ്ടു വോട്ടുണ്ടെന്ന് കണ്ടെത്തിയത് സിപിഎമ്മാണ്. സ്ഥാനാര്‍ഥിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170-ാം നമ്പര്‍ ബൂത്തില്‍ രണ്ട് വോട്ടുണ്ട്.
അതേസമയം, ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷ നല്‍കിയപ്പോള്‍ പഴയ നമ്പര്‍ മാറ്റിയില്ലെന്നും ലാല്‍ പ്രതികരിച്ചു. ചെന്നിത്തലയുടെ അമ്മയുടെ പേര് രണ്ട് സ്ഥലങ്ങളില്‍ വന്നതിന് കാരണം അധികൃതരുടെ വീഴ്ചയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.
Post Your Comments