നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, പശ്ചിമ ബംഗാളിലെ പുരുലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. തൃണമൂലിനും മുഖ്യമന്ത്രി മമത ബാനർജിയ്ക്കുമെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഇടതും തൃണമൂലും ബംഗാളിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സീതാദേവിയുടെയും ശ്രീരാമന്റെയും കാൽപ്പാദം പതിഞ്ഞ മണ്ണാണ് പുരുലിയ. വനവാസ കാലത്ത് ഈ മണ്ണിൽ എത്തിയപ്പോൾ സീതാദേവിയ്ക്ക് ദാഹം അനുഭവപ്പെട്ടു. ഉടൻ തന്നെ ശ്രീരാമൻ തന്റെ അസ്ത്രം ഉപയോഗിച്ച് ഭൂമിയിൽ നിന്നും ജലം എടുത്ത് സീതാദേവിയ്ക്ക് നൽകിയെന്നാണ് ഐതിഹ്യം. എന്നാൽ ഇന്ന് പുരുലിയ കുടിവെള്ള ക്ഷാമം നേരിടുകയാണെന്നും തൃണമൂലാണ് ഇതിന് ഉത്തരവാദിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തെ ഏറ്റവും പിന്നിൽ നിൽക്കുന്ന പ്രദേശങ്ങളുടെ പട്ടികയിലാണ് ഇന്ന് പുരുലിയയുടെ സ്ഥാനമെന്നും, പുരുലിയയിലെ പാവപ്പെട്ടവർക്ക് വിവേചന ഭരണമാണ് തൃണമൂൽ സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളെ വികസിപ്പിക്കുന്നതിനുള്ള യാതൊരു നടപടികളും തൃണമൂലോ ഇടതോ സ്വീകരിച്ചിട്ടില്ലെന്നും, ജലസേചനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പുരുലിയ നേരിടുന്ന പ്രശ്നങ്ങൾ തനിക്ക് അറിയാമെന്നും തൃണമൂലിനെ കെട്ടുകെട്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയിൽ തൃണമൂൽ പകുതി ആയെങ്കിൽ ഇനി തകർച്ച പൂർണമാകുമെന്നും, ദീദി എല്ലാ വിരോധവും തനിക്ക് മേൽ തീർക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കോടിക്കണക്കിന് പെൺമക്കളിൽ ഒരാളായാണ് മമതയെ കാണുന്നതെന്നും, ബഹുമാനം നൽകുകയെന്നത് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും മമതയുടെ കാലിനേറ്റ പരിക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
Post Your Comments