തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കാലത്തും പൊതുവെ പുരുഷാധിപത്യ ശക്തികളായി തുടരുന്നു എന്നത് ഖേദകരമാണെന്നും സംവരണസീറ്റുകളില്‍ അല്ലാതെ എത്ര ദളിതര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ഒടുവില്‍ വന്നപാര്‍ട്ടിക്ക് കൊടുത്ത അനര്‍ഹമായ പ്രാധാന്യം ഇടതുപക്ഷം ഒഴിവാക്കേണ്ടിയിരുന്നെന്നും അദ്ദേഹം കുറിച്ചു.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പറയാതെ വയ്യ
ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കാലത്തും പൊതുവെ പുരുഷധിപത്യശക്തികളായി തുടരുന്നു എന്നത് ഖേദകരമാണ്. സ്ഥാനാര്‍ഥി നിര്‍ണയം മാത്രം മതി ഇത് തിരിച്ചറിയാന്‍. സിപിഎം ഉം സിപിഐ ഉം ഈ കാര്യത്തില്‍ ഇനിയും ഒത്തിരി ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. വലതുപക്ഷത്തു നിന്ന് അത് സാധാരണ രീതിയില്‍ പ്രതീക്ഷിക്കുന്നില്ല. സംവരണ സീറ്റുകളില്‍ അല്ലാതെ എത്ര ദളിതര്‍ ഇടതു പട്ടികയില്‍ ഉണ്ട് എന്നതും പരിശോധിക്കപെടണണം. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തെ ഇടതു പക്ഷം പോലും പരിഗണിക്കുന്നില്ല എന്നതും നിരാശജനകമാണ്. യുവജനതക്കു കൊടുത്ത പ്രാധാന്യം സ്വാഗതര്‍ഹമാണ്. നല്ല ഇമേജ് ഉള്ള ചില പ്രമുഖരെയും ജനകീയ അടിത്തറ ഉള്ള ചില നേതാക്കളെയും ഒഴിവാക്കിയതും പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ ഉള്ള/ നെഗറ്റീവ് ഇമേജ് ഉള്ള ചിലരെ തുടരാന്‍ അനുവദിച്ചതും ഏറ്റവും ഒടുവില്‍ വന്ന പാര്‍ട്ടിക്ക് കൊടുത്ത അനര്‍ഹമായ പ്രാധാന്യവും തുടര്‍ ഭരണം മുന്നില്‍ കാണുന്ന ഇടതുപക്ഷം ഒഴിവാക്കേണ്ടിയിരുന്നു
Post Your Comments