ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന് മുന്നോടിയായി ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ.
നാല് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ടു ജില്ലകളിലെ അഞ്ച് സ്ഥലങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. വാക്‌സിൻ കുത്തിവെയ്പ്പിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ രേഖയിൽ പോരായ്മകളുണ്ടോയെന്ന് പരിശോധിക്കാനായാണ് ഡ്രൈ റൺ നടത്തുന്നത്. വാക്‌സിൻ ശേഖരണം, വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള ശീതികരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങൾ എന്നിവയുടെ ഫലപ്രാപ്തി ഡ്രൈ റണ്ണിൽ പരിശോധിക്കും. യഥാർത്ഥ വാക്‌സിന് കുത്തിവെയ്പ്പിക്കുന്നത് ഒഴികെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ എല്ലാ വ്യവസ്ഥകളും ഡ്രൈറണ്ണിൽ പരിശോധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും യുഎൻഡിപിയുടെയും സഹകരണത്തോടെയാണ് ഡ്രൈ റൺ.
രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് വാക്‌സിൻ കുത്തിവെയ്ക്കുക എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാകുന്നത്. ഒരു കുത്തിവെയ്പ്പ് കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ ഉണ്ടാകും. ഡോക്ടർക്ക് പുറമെ നഴ്‌സ്, ഫാർമസിസ്റ്റ്, പോലീസ്, ഗാർഡ് എന്നിവരായിരിക്കും ഉണ്ടായിരിക്കുക.നീതി ആയോഗ് അംഗം വി കെ പോൾ അദ്ധ്യക്ഷനായ ദേശീയ വിദഗ്ധ സംഘത്തിനാണ് വാക്‌സിൻ വിതരണത്തിന്റെ ഏകോപന പ്രവർത്തനങ്ങളുടെ ചുമതല.
ഓരോ കൊറോണ വാക്‌സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് മുതൽ 200 പേർക്ക് വരെയായിരിക്കും വാക്‌സിനേഷൻ നൽകുകയെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇത്രയും പേരെയും വാക്‌സിൻ കേന്ദ്രങ്ങളിലെത്തിച്ച് ഡ്രൈ റണ്ണിന്റൈ ഭാഗമാക്കും. കുത്തിവെയ്പ്പിനായി പ്രത്യേക മുറിയായിരിക്കും സജ്ജമാക്കുക. ഒരു സമയം ഒരാൾക്ക് മാത്രമേ വാകസിനേഷൻ നൽകൂ. കുത്തിവെയ്‌പ്പെടുത്തവരെ അര മണിക്കൂർ നേരം നിരീക്ഷിക്കും. ഇതിനായി പ്രത്യേക മുറി സജ്ജീകരിക്കും. കുത്തിവെയ്പ്പ് സ്വീകരിച്ച് അരമണിക്കൂറിനകം പാർശ്വഫലങ്ങളോ രോഗലക്ഷണങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള സംവിധാനവും ഡ്രൈ റണ്ണിൽ സജ്ജമാക്കും. ഡ്രൈ റണ്ണിൽ സജ്ജമാക്കും .
Post Your Comments