ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗബാധയിൽ കേരളം ഒന്നാമത് എത്തിയിരിക്കുന്നു. ഇന്ന് 5,375 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 4,930 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ നിൽക്കുന്നത് കേരളം രണ്ടാമതും. അതിനിടെ, കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം പിന്നിട്ടെങ്കിലും ചികിത്സയിലുള്ളവരുടെ എണ്ണം 4.28 ലക്ഷം മാത്രമായിരിക്കുകയാണ്.
132 ദിവസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇത്രയേറെ താഴ്ന്നത്. 4.26 ലക്ഷം രോഗികൾ ഉണ്ടായിരുന്നത് ജൂലൈ 23നാണ്. ആകെ രോഗബാധിതരുടെ 4.51 ശതമാനമാണ് നിലവിൽ ചികിത്സയിലുള്ളത്. ബുധനാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കനുസരിച്ച് 36,604 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചു. ഘട്ടംഘട്ടമായി രോഗികളുടെ എണ്ണം കുറയുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. പ്രതിദിന കോവിഡ് വ്യാപനം 40,000ത്തിൽ താഴ്ന്നിട്ട് തുടർച്ചയായ മൂന്നാംദിവസമാണ് പിന്നിട്ടത്. അതേസമയം, പ്രതിദിനം രോഗം ഭേദമായവരുടെ എണ്ണം 43,000ത്തിലേറെയാണ്. 501 പേർകൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.38 ലക്ഷമായി. രാജ്യത്തെ 80 ശതമാനത്തിനടുത്ത് മരണവും നടക്കുന്നത് വെറും പത്ത് സംസ്ഥാനങ്ങളിലാണ്.
Post Your Comments