കാഠ്മണ്ഡു : ഇന്ത്യക്കെതിരായ നേപ്പാള്‍- ചൈന സഖ്യത്തില്‍ ഉലച്ചില്‍. നേപ്പാള്‍ പ്രതിപക്ഷ നേതാവിനെതിരെ ചൈന ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. ചൈനയുടെ കടന്നു കയറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞ കര്‍നാലി പ്രവിശ്യ എംപിയും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ജീവന്‍ ബഹദൂര്‍ ഷാഷിയെയായിരുന്നു ചൈന ഭീഷണിപ്പെടുത്തിയത്. നേപ്പാളി മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാഷി ചൈനയുടെ അതിര്‍ത്തി കയ്യേറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.
നടപടിയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ഭീഷണിയുമായി ചൈനയുടെ വരവ്.കടന്നു കയറ്റവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചതിന് ശേഷമായിരുന്നു അഭിമുഖത്തില്‍ ചൈനയ്‌ക്കെതിരെ രംഗത്തെത്തിയത്. അതിര്‍ത്തിയിലെ ചില പ്രധാന പാതകള്‍ ചൈന കയ്യടക്കിയതായി അഭിമുഖത്തില്‍ ഷാഷി പറഞ്ഞു. ഇതുമൂലം ഉള്‍ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ അതീവ ദുരിതത്തിലാണ്. പ്രധാനപാതകളെല്ലാം ചൈന സ്വന്തം അധീനതയിലാക്കി.
ജനങ്ങളുടെ കൃഷി സ്ഥലങ്ങള്‍ പോലും കയ്യടക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്തിടെ ചൈനീസ് അധീന തിബറ്റിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ലാച്ച- മിമി പ്രദേശത്ത് ചൈനയുടെ കടന്നുകയറ്റം അന്വേഷിക്കാനായി അദ്ദേഹം പോയിരുന്നു. നേപ്പാള്‍ മണ്ണിന്റെ ഏറിയ പങ്കും ചൈനയുടെ കൈവശമാണെന്നായിരുന്നു കണ്ടെത്തല്‍. കയ്യേറിയ ഭൂമിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. അഭിമുഖം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചാ വിഷയം ആയതോടെയാണ് ചൈന രംഗത്തെത്തിയത്.
പ്രോട്ടോകോള്‍ ലംഘിച്ച് നേപ്പാളിലെ ചൈനീസ് എംബസി നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കത്തയച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് നേതാവ് ചൈന- നേപ്പാള്‍ ബന്ധത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇനിയും ഇത് ആവര്‍ത്തിക്കരുതെന്നുമായിരുന്നു ചൈനീസ് എംബസിയുടെ കത്തിലെ പരാമര്‍ശം. ചൈനയുടെ നടപടിയില്‍ നേപ്പാള്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments