ന്യൂഡല്‍ഹി : വികസിത രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യ രോഗവ്യാപനം ചെറുത്തതായി കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ നേട്ടം ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കിയത്. കൊറോണ വ്യാപനം രൂക്ഷമായ കേരളം, ഹരിയാന, അസം, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു യോഗം.
ഒരേ രീതി പിന്തുടര്‍ന്ന് രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്ന് ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനിടെ നിരവധി ഘട്ടങ്ങള്‍ക്ക് നാം സാക്ഷിയായി. ആദ്യ കൊറോണ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പല സംഭവ വികാസങ്ങളും രാജ്യത്ത് ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണിനെ എല്ലാവരും മികച്ച രീതിയില്‍ പിന്തുണച്ചു. പിന്നീടുള്ള അണ്‍ലോക്ക് പ്രക്രിയയും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കി. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി തന്നെ രാജ്യം കൊറോണയെ പ്രതിരോധിച്ചു.
ഇന്ന് രാവിലെ വരെ രാജ്യത്തെ കൊറോണ മുക്തരുടെ ശതമാനം 92.56 ആണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ടായിരുന്നു. എന്നാല്‍ ഇത് കുറഞ്ഞെന്നും അദ്ദേഹം മുഖ്യമന്ത്രിമാരെ അറിയിച്ചു.
Post Your Comments