വാഷിംഗ്ടൺ: പുതിയ തന്ത്രവുമായി ട്രംപ് ഭരണകൂടം. പ്രസിഡന്റ് തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രവുമായി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. ജറുസലേമില്‍ ജനിച്ച യു.എസ് പൗരന്മാര്ക്ക് അവരുടെ പാസ്പോര്‍ട്ടുകളിലും മറ്റ് രേഖകളിലും അവരുടെ ജന്മസ്ഥലം ‘ജറുസലേം’ അല്ലെങ്കില്‍ ‘ഇസ്രായേല്‍’ എന്ന് ചേര്‍ക്കാമെന്നാണ് പുതിയ പ്രഖ്യാപനം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പാസ്പോര്‍ട്ട് നയത്തില്‍ വരുത്തിയ മാറ്റം പ്രഖ്യാപിച്ചത്.
അതേസമയം ജറുസലേമില്‍ ജനിച്ച യു.എസ് പൗരന്മാര്ക്ക് അമേരിക്കന്‍ പാസ്പോര്‍ട്ടുകളില്‍ നഗരത്തെ അവരുടെ ജനന രാജ്യമായി ഉള്‍പ്പെടുത്താന്‍ മാത്രമേ നേരത്തെ അനുമതി നല്കിയിരുന്നുള്ളൂ. ജറുസലേം സംബന്ധിച്ച ഇസ്രായേല്‍ -ഫലസ്തീന് തര്‍ക്കത്തില്‍ അന്തിമ തീരുമാനം പുറത്തു വരാത്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍, 2017ല്‍ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് തെല്‍അവീവിലെ എംബസി ജറുസലേമിലേക്ക് യു.എസ് മാറ്റുകയും ചെയ്തിരുന്നു. രാജ്യാന്തര പ്രതിഷേധം കണക്കിലെടുക്കാതെ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന യു.എസ് വിദേശ നയമാണ് അന്ന് ട്രംപ് സര്‍ക്കാര്‍ മാറ്റിയത്. ഫലസ്തീന്-ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യു.എസ് നിലപാടില്‍ കാതലായ മാറ്റം വരുത്തിയത്.
Post Your Comments