തൃശൂര്‍: പട്ടികജാതി കലാകാരനെ കേരള സംഗീത നാടക അക്കാദമി അപമാനിച്ച സംഭവത്തില്‍ പട്ടികജാതി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മറുപടി പറയണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്.
സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച അധ്യക്ഷ കെപിഎസി ലളിതയുടെയും സെക്രട്ടറിയുടെയും ഭരണസമിതിയുടെയും നടപടി കേരളത്തിലെ പട്ടികജാതി കലാകാരന്മാരോടുള്ള അവഹേളനവും സാംസ്‌കാരിക കേരളത്തിനപമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിനെതിരെയും ജാതി വിവേചനത്തിനെതിരെയും പട്ടിക ജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയിലേക്കു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള രാമകൃഷ്ണന് പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം കൊടുത്താല്‍ സംഗീത നാടക അക്കാദമിയുടെ ഇമേജിന് കോട്ടം തട്ടുമെന്ന അക്കാദമി അധ്യക്ഷയുടെയും സെക്രട്ടറിയുടെയും ഭരണസമിതിയോഗത്തിലെ തീരുമാനം പട്ടിക ജാതി കലാകാരന്മാരെ ജാതീയമായ അവഹേളിക്കലാണ്.
സംഗീത നാടക അക്കാദമി അടക്കമുള്ള സര്‍ക്കാരിന്റെ അക്കാദമികളില്‍ ഇടതുപക്ഷ കപട സാഹിത്യ കലാകാരന്മാരുടെ താണ്ഡവമാണ്. യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് പഴയ ജാതീയ സവര്‍ണ്ണ ഫാസിസ്റ്റ് ഭരണമാണ് .പഴയ ജാതിവ്യവസ്ഥയെയും അയിത്തത്തെയും തിരികെ കൊണ്ടു വരാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.
സിപിഎമ്മിന്റെ ആളുകള്‍ക്കു മാത്രം അവസരങ്ങള്‍ നല്‍കുകയും പട്ടികജാതി, പിന്നാക്ക കലാകാരന്മാര്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്യുന്നു. കലാകാരന്മാരെ ജാതീയമായി അവഹേളിച്ച കെപിഎസി ലളിത അധ്യക്ഷയായ സംഗീത നാടക അക്കാദമി ഭരണസമിതി പിരിച്ചു വിടണമെന്നും പട്ടികജാതി മോര്‍ച്ച ആവശ്യപ്പെട്ടു.
അക്കാദമി ഭരണ സമിതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ തയാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു. വി.സി. ഷാജി അധ്യക്ഷത വഹിച്ചു. നേതാക്കളായ സുധീര്‍ ചൂണ്ടല്‍, കെ.ടി. വിഘ്‌നേശ്വരകുമാര്‍, പ്രഭാകരന്‍, രാജന്‍ നെല്ലങ്കര അരവിന്ദാക്ഷന്‍, ബാബുരാജ് കോലഴി, രാജീവ് അശോകന്‍, ബൈജു ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
Post Your Comments