KeralaLatest NewsNews

ഓണാഘോഷം ; ഐതീഹ്യം മുതല്‍ ആചാരങ്ങള്‍ വരെ

മലയാളികളുടെ ആഘോഷങ്ങളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് ഓണം. ജാതി-മത ഭേദമന്യേ, ഏതു നാട്ടിലായാലും മലയാളികള്‍ ഓണം ആഘോഷിക്കാറുണ്ട്. ഓണത്തിന്റെ പിന്നിലുള്ള ഐതീഹ്യം ബഹുഭൂരിപക്ഷം മലയാളിക്കും കാണാപ്പാഠമാണ്. കേരളം വാണിരുന്ന അസുരരാജാവായിരുന്ന മഹാബലിയുടെ മഹിമയില്‍ അസൂയ പൂണ്ട്, ദേവന്മാര്‍ മഹാവിഷ്ണുവിന്റെ അടുക്കല്‍ പരാതിയുമായി ചെന്നതും വാമനാവതാരം എടുത്ത് മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതുമാണ് ഓണത്തിന് പിന്നിലെ കഥ. എല്ലാ വര്‍ഷവും സ്വന്തം പ്രജകളെ കാണാന്‍ മഹാബലി എത്തുന്ന സമയമാണ് ഓണം.

മാവേലിമന്നനെ വരവേല്‍ക്കാന്‍ പത്ത് ദിവസമാണ് മലയാളികള്‍ ഓണമാഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നാളില്‍ തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് ഓണം വരവറിയിക്കുന്നത്. പിന്നീട് പത്ത് ദിവസവും പൂക്കളമിട്ടും, ഊഞ്ഞാലാടിയും, തിരുവാതിര കളിച്ചും ഓണത്തിനുള്ള സദ്യവട്ടങ്ങള്‍ ഒരുക്കിയും അങ്ങനെ ആ പത്ത് ദിനങ്ങള്‍ മലയാളികള്‍ തങ്ങളുടെ മഹാബലി തമ്പുരാനായി കൊണ്ടാടും. മലയാളി എവിടെയൊക്കെ ഉണ്ടോ അവിടെല്ലാം ഓണനിലാവ് പരക്കും.

1961 മുതലാണ് ദേശീയ ഉത്സവമായി ഓണം ആഘോഷിച്ചു തുടങ്ങുന്നത്. 10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിനൊടുവില്‍ തിരുവോണം വന്നെത്തും. മൂന്നാം ഓണവും നാലാം ഓണവും കൊണ്ടാടി ഓണക്കാലം പടിയിറങ്ങി പോകും. എന്നാലും മലയാളിക്ക് സങ്കടമില്ല. എല്ലാ വര്‍ഷവും തങ്ങളെ കാണാന്‍ എത്തുന്ന മാവേലിമന്നന് വേണ്ടി ഉള്ള കാത്തിരിപ്പാണ് ഇനി. അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പ്. കാലം ഏറെ മാറിയിട്ടും മലയാളി ഓണം മാത്രം മറക്കാതെ കൊണ്ടാടുന്നതിനു പിന്നില്‍ ഈ കാത്തിരിപ്പിന്റെ സുഖമാണ്.

പൂക്കളം

പണ്ട് ദശപുഷ്പങ്ങളാണ് പൂക്കളമിടാന്‍ ഉപയോഗിച്ചിരുന്നത്. ചാണകം മെഴുകിയ തറയില്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ ഒരുക്കി ഓണം കൊണ്ടാടിയ കാലം ഓര്‍മ മാത്രമാണ് ഇന്ന്. തമിഴ്നാട്ടില്‍ നിന്ന് വരുന്ന ചെണ്ടുമല്ലിയും അരളിയും പൂക്കളങ്ങളുടെ മലയാളിത്തം ഇല്ലാതാക്കി എന്ന് തന്നെ പറയേണ്ടിവരും. തുമ്പയും തുളസിയും ചെമ്പരത്തിയും തൊടികളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പൂവുകള്‍ തന്നെ മലയാളിക്ക് ശരണം. ഏതൊരു മലയാളിയുടെയും കുട്ടിക്കാലം അവിസ്മരണീയമാക്കിയിരുന്ന ഒന്നായിരുന്നു ഓണപൂക്കളവും അതിനായി തൊടികളില്‍ ചെന്നുള്ള പൂപറിക്കലും എന്നാല്‍ ഇന്നെല്ലാം പണം കൊടുത്ത് വാങ്ങിയുള്ള ആഘോഷമായി മാറിയിരിക്കുന്നു.

ഓണസദ്യ

ഓണാഘോഷത്തിന്റെ പ്രധാന ഘടകം. അവിയലും തോരനും ഏത്തയ്ക്ക ഉപ്പേരിയും ശര്‍ക്കര വരട്ടിയും പപ്പടവും പായസവും കൂട്ടി വാഴയിലയില്‍ ഉണ്ണുന്ന ഓണസദ്യ, ഓണത്തിന്റെ രുചിയൂറും ഓര്‍മയാണ്. കൂട്ടുകുടുംബങ്ങളില്‍ ഒരുമയോടെ സദ്യ ഒരുക്കിയിരുന്നപ്പോള്‍ അതൊരു ഭാരമല്ലായിരുന്നു. അയല്‍വാസികളെയും സുഹൃത്തുക്കളെയും എല്ലാം വീട്ടില്‍ വരുത്തി മനോഹരമായ ഓണസദ്യ നല്‍കുന്നത് മലയാളികളുടെ എക്കാലത്തെയും നല്ല ശീലമാണ്. എല്ലാവരും ഒത്തുകൂടി സ്വാദിഷ്ടമായ ഓണസദ്യ കഴിക്കുന്നതെല്ലാം ഇപ്പോള്‍ ഓര്‍മകളിലേക്ക് മായുകയാണ്.

ഓണക്കോടി

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയായിരുന്നു പണ്ട് പുതിയ വസ്ത്രം വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ ഓണത്തിന് കിട്ടുന്ന പുത്തന്‍ ഉടുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പ് സുഖമുള്ളതായിരുന്നു. എല്ലാ മാസവും പുത്തന്‍ വസ്ത്രങ്ങളില്‍ തിളങ്ങുന്ന പുതുതലമുറയ്ക്ക് ഓണക്കോടി വലിയ വിഷയമല്ലാതായി മാറി. പുത്തന്‍ ഉടുപ്പിട്ട് ഓണദിനത്തില്‍ അത്ഥികള്‍ക്കും മാഹാബലിക്കും വേണ്ടിയുള്ള കാത്തിരിപ്പ് കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓര്‍മകളാണ്. ഇപ്പോള്‍ ആധുനിക ലോകത്ത് മൊബൈലുകളിലും ധൂര്‍ത്തിലും മുഴുകിയ ജനതയ്ക്ക് ഈ ഓര്‍മകളും അമിഭവങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഓണക്കളികള്‍

വള്ളംകളിക്ക് ഇന്നും ആവേശം കുറഞ്ഞിട്ടില്ല. ആര്‍പ്പോ-ഇര്‍റോ വിളികളുമായി ഓളപ്പരപ്പുകളില്‍ വള്ളംകളി മത്സരങ്ങള്‍ ഓണക്കാലത്ത് സുലഭമാണ്. കസവ് മുണ്ടും സാരിയും ഉടുത്തുള്ള തിരുവാതിരക്കളി, തുമ്പിതുള്ളല്‍, കുമ്മാട്ടിക്കളി, പുലികളി, ഓണത്തല്ല് എന്നിങ്ങനെ പലതരം കളികള്‍ കൊണ്ട് സമ്പന്നമാണ് ഇന്നും ഓണക്കാലം. എന്നാല്‍ ഇന്ന് പലതും ഓര്‍മളിലേക്ക് മറഞ്ഞിരിക്കുകയാണ്.

ഓണപ്പാട്ടുകള്‍

‘മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന പാട്ടാണ് ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ ചുണ്ടിലേക്ക് മൂളിയെത്തുന്നത്. മാവേലി എന്ന രാജാവ് എത്ര നന്മ നിറഞ്ഞവനും പ്രജാതല്പരനും ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പാട്ടിന്റെ വരികള്‍. കള്ളവും ചതിയും ഇല്ലാത്ത പൊളിവചനങ്ങള്‍ പറയാത്ത ആ മാവേലിനാട് ഇന്നത്തെ കേരളനാട് തന്നെയാണോ എന്ന് സംശയിക്കണം. അഴിമതിയും പാഴായ വാഗ്ദാനങ്ങളും മാത്രം അരങ്ങുവാഴുന്ന കേരളത്തിന് ഇനിയൊരു മാവേലിനാടാകാന്‍ കഴിയില്ല എന്നതാണ് സത്യം.

ആചാരങ്ങള്‍

തൃക്കാക്കരയപ്പനും ഓണപ്പൊട്ടനും ഒരുപോലെ സ്ഥാനം ലഭിക്കുന്ന നാടാണ് കേരളം. മണ്ണില്‍ ഒരുക്കുന്ന ഓണത്തപ്പനെ പത്ത് ദിവസവും ആരാധിക്കുന്ന ജനവിഭാഗവും സമ്മാനങ്ങളുമായി  വീട്ടിലെത്തുന്ന പ്രത്യേക വേഷം ധരിച്ച ഓണപ്പൊട്ടനെ വരവേല്‍ക്കുന്ന ജനവിഭാഗവും ഒരുപോലെ ഓണം കൊണ്ടാടുന്നു. മത നിരപേക്ഷതയാണ് ഓണം ഇന്നും നിലനില്‍ക്കാന്‍ പ്രധാന കാരണം. ഹിന്ദുക്കളുടെ ആഘോഷം എന്ന രീതിയില്‍ കാണാതെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും എല്ലാം ഓണം ആഘോഷിക്കുന്ന കാഴ്ച ഓണത്തിന്റെ ഭംഗി കൂട്ടുന്നു.

മറുനാട്ടിലെ ഓണാഘോഷം

ഇന്നത്തെ കാലത്ത് ഓണം ഒരുമയുടെ ആഘോഷമായി മാറുന്നത് മറുനാട്ടിലാണ്. മലയാളി ഉള്ളിടമെല്ലാം ഓണവും ഉണ്ട്. മാവേലി മന്നനും സദ്യയും പൂക്കളവും എല്ലാം മറുനാട്ടിലും മലയാളകള്‍ ഒരുക്കുന്നു. മത്സരങ്ങള്‍ സംഘടിപ്പിച്ചും ഒന്നിച്ചു സദ്യയുണ്ടും നാടിനെ ഓര്‍ക്കുകയാണ് അവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button