സിയൂള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് അന്ത്യം. കിം ജോംഗ് ഉന്‍ മൂന്നാഴ്ചയ്ക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കാണ് അവസാനമായത്. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്നു കിമ്മിനു മസ്തിഷ്കമരണം സംഭവിച്ചെന്ന മട്ടില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
ഏപ്രില്‍ 11-നുശേഷം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. ഉത്തരകൊറിയയിലെ സണ്‍ചോന്‍ നഗരത്തില്‍ പുതുതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്ഘാടത്തിനാണ് കിം ജോംഗ് എത്തിയത്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.കിം ഏപ്രില്‍ 15നു മുത്തച്ഛനും മുന്‍ സര്‍വാധിപതിയുമായ കിം ഇല് സുരാഗിന്റെ ജന്മദിനാഘോഷത്തില് പങ്കെടുത്തില്ല.
ഉത്തരകൊറിയയിലെ ഒരു പ്രധാന ദേശീയാഘോഷദിനമാണിത്. ഇതോടെയാണ് കിം വാര്‍ത്തകളില്‍ നിറഞ്ഞത്.2014-ല്‍ കിം ആറാഴ്ചയോളം പൊതുവേദിയില്‍ വന്നില്ല. പിന്നീട് ഒരു ചൂരല്‍വടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കാല്‍ക്കുഴയിലെ ഒരു മുഴ നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പിന്നീട് വാര്‍ത്ത പുറത്തുവന്നത്.
Post Your Comments