പത്തനംതിട്ട • രണ്ട് വര്‍ഷം കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനി ജെസ്ന മരിയ വര്‍ഗീസിനെ അയല്‍ സംസ്ഥാനത്ത് നിന്നും കണ്ടെത്തിയതായായി റിപ്പോര്‍ട്ട്. ജെസ്‌നയെ ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കേരളത്തിലെത്തിക്കും. ഇതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിച്ചു.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജെസ്നയെ കണ്ടെത്തിയത്. വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) 2018 മാര്‍ച്ച് 22നാണ് കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു. പോലീസ് അന്വേഷണത്തില്‍ ജെസ്‌ന എരുമേലിവരെ എത്തിയെന്ന് കണ്ടെത്തി. പിന്നീട് ജസ്‌ന എവിടേക്ക് പോയി എന്നതിനെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.
ജസ്നയുടെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെ ജെസ്നയെ പലയിടങ്ങളില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അതെല്ലാം തെറ്റായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഡിജിപി പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. കേസിന്റെ വിശദാംശങ്ങള്‍ ചോരാതിരിക്കാന്‍ ടോമിന്‍ തച്ചങ്കരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments