പെരുമ്പാവൂര്‍: ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയും ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ തീവ്രവാദ വിരുദ്ധ സേന പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. ആലുവ തടിക്കക്കടവ് സ്വദേശി കണ്ണാത്ത് വീട്ടില്‍ ഷംസുവിന്റെ മകന് ലിയാഖത്തി(33)നെയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെ അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ പള്ളിക്കവല മില്ലുംപടിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. എല്‍.ജെ.പി. നേതാവ് കെ.എ. അനസിനെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്നിെന്നത്തിയ ഗുണ്ടകള്‍ക്കു വഴിയൊരുക്കിയ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.
ഈ കേസില്‍ ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അനസ് താമസിക്കുന്ന വീട്ടില്‍നിന്നു കുറച്ചുമാറിയാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇതിലെ ദുരൂഹത പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
Post Your Comments