മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗഡ് ജില്ലയിലെ കാസ പോലീസ് സ്റ്റേഷന് പരിധിയിലാണ് രണ്ടു ഹിന്ദു സന്യാസിമാരും, അവരുടെ കാര്‍ ഡ്രൈവറും അതി ക്രൂരമായി കൊല്ലപ്പെട്ടത്. ഒരു ദാക്ഷിണ്യവും ഇല്ലാതെ പേപ്പട്ടികളെ തല്ലിക്കൊല്ലുന്നത് പോലെ പ്രാകൃതമായി ജനക്കൂട്ടം അവരെ ആക്രമിക്കുന്നത് കണ്ടു രാജ്യം തന്നെ ഞെട്ടിയിരിക്കുകയാണ്.ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സംന്യാസി വര്യന്മാര് ഗുരുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി, മഹാരാഷ്ട്രയുടെ അതിര്‍ത്തി പ്രദേശമായ സൂറത്തിനടുത്തുള്ള സ്ഥലത്തേക്ക് പോകവേയാണ് ഒരുസംഘം ആക്രമിച്ചത്.
സന്യാസിമാരെയും ഡ്രൈവറെയും മര്‍ദിച്ച് കൊല്ലാന്‍ മുമ്പില്‍ നിന്നതും കാസ ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗങ്ങളായ വിഷ്ണു പത്താറ, സുഭാഷ് ഭാവാര്‍, ധര്‍മ ഭാവാര്‍ പാല്‍ഗഡ് ജില്ലാ പഞ്ചായത്തിലെ എന്‍സിപി അംഗമായ കാശിനാഥ് ചൗധരി എന്നിവരാണ് എന്നാണ് പ്രതിപക്ഷ ആരോപണം.
ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പലവിവരങ്ങളും പ്രചരിക്കുന്നുണ്ട്. മുസ്ലീങ്ങളാണ് ആക്രമണത്തിന് പിന്നിൽ എന്ന തരത്തിൽ സംഭവത്തെ വർഗീയവൽക്കരിക്കാൻ പലരും സോഷ്യൽ മീഡിയയിലൂടെ ശ്രമിച്ചെങ്കിലും അതിനുതകുന്ന തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രദേശവാസി തന്നെ സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. സംഭവം ഇങ്ങനെ, ഗഡ് ചിഞ്ചലി എന്ന ഗ്രാമത്തിനടുത്തു വച്ചാണ് സന്യാസിമാര്‍ സഞ്ചരിച്ച വാഹനം പ്രദേശവാസികള്‍ തടയുന്നത്.
ഗഡ് ചിഞ്ചലി ഗ്രാമത്തിലെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര ചൗധരി ഉടന്‍ സ്ഥലത്തെത്തി പ്രദേശവാസികളെ അവിടെനിന്നും മാറ്റി സന്യാസിമാരെ സുരക്ഷിതമായി ഫോറസ്റ്റ് ഗാഡ്മാരുടെ റൂമിലേക്ക് മാറ്റുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലിസ് എത്തി ചിത്ര ചൗധരിയും ഗ്രാമവാസികളും മടങ്ങുന്ന സമയത്താണ് ആസൂത്രിതമായി ചിലർ അവിടെ എത്തിയത്. സമീപത്തെ ഗ്രാമങ്ങളായ കിന്‍സി, ധാബാടി, കിനോലി എന്നിവിടങ്ങളില്‍ നിന്നും ആസൂത്രിതമായി ആളുകളെ മാരകായുധങ്ങളുമായി സംഘടിപ്പിച്ച് സ്ഥലത്ത് എത്തിക്കുകയായിരുന്നു മതപരിവർത്തന ലോബിയും ചില ഇടതു സംഘടനകളും.
ഇവര്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലകളാണിത്. സന്യാസിമാരെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്.പോലീസ് ഇവര്‍ക്ക് കൂട്ടുനിന്നു. പോലീസുകാരുടെ മുഖത്തേക്ക് നോക്കി ജീവന് യാചിക്കുന്ന വൃദ്ധനായ സംന്യാസിയുടെ ദയനീയമുഖം വീഡിയോയിലുണ്ട്. അറസ്റ്റ് ചെയ്തെന്ന് പോലീസ് പറയുന്ന നൂറ്റിപ്പത്ത് പേരില്‍ ഒമ്പത് പേര് പ്രായപൂര്‍ത്തി ആകാത്തവരാണ്. ബാക്കിയുള്ളതില്‍ പ്രധാനികള്‍ മുഴുവനും കമ്മ്യൂണിസ്റ്റ്കാരും, മതം മാറിയ ക്രിസ്തീയ സമുദായത്തിലെത്തിയവരുമാണ്. മൃതദേഹത്തിനോട് പോലും പോലീസ് അനാദരവ് കാട്ടി. രാവിലെ വരെ ഇവരുടെ മൃതദേഹം റോഡിൽ കിടന്നു.
പാൽഗർ ജില്ലയിലെ ഭൂരിഭാഗവും വനവാസി പ്രദേശങ്ങളാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും, ജനങ്ങളുടെ ജീവിത രീതിയും വ്യത്യസ്തമാണ്. വാട, വിക്രംഗഡ്, ജവാഹര്‍, മൊക്കാട, കിന്‍സി, ധബാടി, ഉദ്ധവ, കിനോലി, ഗഡ് ചിഞ്ചലി, റാണിശീഗാവ്, അയിന, കാസ, ചാറോട്ടി, തലാശ്ശേരി എന്നീ സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി ക്രിസ്ത്യന്‍ സ്വാധീനം ശക്തമാണ്. ഇതില്‍ മിക്ക ഗ്രാമങ്ങളും മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളുമാണ്. പ്രദേശത്തേക്ക് പുതുതായി വരുന്നവര്‍ നിങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തുമെന്നും, കൊള്ളയടിക്കുമെന്നും അസ്തിത്വം തന്നെ ഇല്ലാതാക്കി പ്രദേശത്തു വ്യവസായ ശാലകള്‍ പണിയുമെന്നും നാട് വിട്ട് പോകേണ്ടിവരും എന്നുമാണ് മാവോയിസ്റ്റുകളും മറ്റും ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.
അതിനാല്‍ പ്രദേശത്തുകൂടി ആര് സഞ്ചരിച്ചാലും അവരെ ചോദ്യം ചെയ്യും. രാത്രി യാത്ര ആരും നടത്താറുമില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ ലാഭം മതംമാറ്റ ലോബികള്‍ക്കാണ്. പല ഗ്രാമങ്ങളും, മുഴുവനായോ ഭാഗീകമായോ ഇവർ മതം മാറ്റിക്കഴിഞ്ഞു.
പാല്‍ഗഡില്‍ നിന്ന്
സ്വാമിനാഥന് ഋഷിക്കര
(സംഭവം നടന്ന പാല്‍ഗഡിന് സമീപം, മുപ്പത് വര്‍ഷമായി സ്ഥിര താമസക്കാരനാണ് ലേഖകന്‍)
Post Your Comments