കേരളത്തിന് ദുരന്ത മുന്നറിയിപ്പുമായി മരുപക്ഷികളുടെ വരവ് . ഇത് വരാനിരിയ്ക്കുന്ന ദുരന്തത്തിന്റെ സൂചനയെന്ന് ശാസ്ത്രലോകം. മരുപക്ഷികളുടെ സാന്നധ്യം
ആശങ്കപ്പെടുത്തുന്നതാണെന്ന് പക്ഷി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. വരണ്ട കാലാവസ്ഥ അനുയോജ്യമായ മരുപ്പക്ഷികള്‍, ചരല്‍ക്കുരുവി, നീലക്കവിളന്‍, യൂറോപ്യന്‍ വേലിത്തത്ത, യൂറോപ്യന്‍ പനംകാക്ക എന്നീ പക്ഷികള്‍ കേരളത്തിലും സ്ഥിരം സന്ദര്‍ശകരാവുകയാണ്. ആര്‍ദ്രമേഖലയായി അറിയപ്പെടുന്ന കേരളത്തില്‍ മരുവല്‍ക്കരണത്തിന്റെ സൂചനകളാണിതെന്ന് കേരള കാര്‍ഷിക സര്‍വകലാശാലാ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അറേബ്യന്‍ രാജ്യങ്ങളില്‍ കാണുന്ന മരുപ്പക്ഷിയെ പാലക്കാട്, കണ്ണൂര്‍, പൂങ്ങോട്, വാളയാര്‍, തൃശൂര്‍ കോള്‍ നിലം എന്നിവിടങ്ങളില്‍ പക്ഷിനിരീക്ഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ചരല്‍ക്കുരുവി, നീലക്കവിളന്‍, യൂറോപ്യന്‍ വേലിത്തത്ത, യൂറോപ്യന്‍ പനംകാക്ക തുടങ്ങിയ പക്ഷികളേയും വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
സഹാറയിലും, സൗദി അറേബ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കിസ്ഥാന്‍, വടക്കുപടിഞ്ഞാറന്‍ മംഗോളിയ വരെയുള്ള പ്രദേശത്തുമാണ് ഇവ സാധാരണഗതിയില്‍ കാണപ്പെടാറുള്ളത്. അറേബ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വരണ്ട കാലാവസ്ഥയിലാണ് മറ്റുപക്ഷികളെയും കണ്ടുവരുന്നത്. പ്രജനനമില്ലാത്ത സമയങ്ങളിലും ഇവ ദേശാടനം നടത്താറുണ്ട്. ഇന്ത്യയില്‍ രാജസ്ഥാന്‍ തുടങ്ങിയ മരുഭൂമികള്‍ക്കൊപ്പം ഇപ്പോള്‍ കേരളത്തിലും ഈ പക്ഷികള്‍ ദേശാടനത്തിനായി എത്തിയിരിക്കുകയാണ്.
കേരളം പോലുള്ള ധാരാളം മഴ ലഭിക്കുന്ന നല്ല ഈര്‍പ്പമുള്ള സ്ഥലങ്ങള്‍ മരുപ്പക്ഷികള്‍ക്ക് ഒരിക്കലും അനുയോജ്യമായിരുന്നില്ല. സംസ്ഥാനത്ത് രാത്രിയിലും പകലും ചൂട് വര്‍ധിച്ചതായി കാര്‍ഷിക സര്‍വലകലാശാലാ കാലാവസ്ഥാ വ്യതിയാന പഠനങ്ങളും അക്കാദമി നടത്തിയ പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഡെക്കാണ്‍ പീഢഭൂമിയിലും വടക്കേ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിലും മാത്രം കണ്ടിരുന്ന മയിലുകള്‍ കേരളത്തില്‍ വ്യാപകമാവുന്നതും സമാനകാരണം കൊണ്ടാണ്.
അതേസമയം കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളാണെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടാനാണ് സാധ്യത. ഭൂഗര്‍ഭജല വിതാനത്തിലുണ്ടാകുന്ന കുറവാണു പ്രതിസന്ധിക്കു കാരണം. പ്രളയത്തിനുശേഷം വെള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞത് സ്ഥിതി ഗുരുതരമാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments