പത്തനംതിട്ട: ബിന്ദു അമ്മിണി ശബരിമല ദര്‍ശനത്തിന് വരുന്നുവെന്ന് അഭ്യൂഹം . എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ബിന്ദു അമ്മിണി. കഴിഞ്ഞ ദിവസം വൈകിട്ട് ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങിയ ബിന്ദു ബസ് മാര്‍ഗം പത്തനംതിട്ടയിലേക്ക് തിരിച്ചുവെന്നറിഞ്ഞ പൊലീസ് വന്‍ സുരക്ഷാ സന്നാഹമായിരുന്നു ഒരുക്കിയത്. എന്നാല്‍, ബിന്ദു അമ്മിണി പോയത് ജനറല്‍ ആശുപത്രിയിലേക്കായിരുന്നു. മാതാവ് പ്രമാടം സ്വദേശി അമ്മിണി ഹാര്‍ട്ട് അറ്റാക്ക് വന്ന് ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അമ്മയുടെ അസുഖ വിവരം അറിഞ്ഞായിരുന്നു ബിന്ദുവിന്റെ വരവ്.
ആശുപത്രിയില്‍ എത്തി അമ്മയെ സന്ദര്‍ശിച്ച ശേഷം ബിന്ദു ചെയ്തത് ബിജെപിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗം സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് മാതാവിന് അസുഖം വന്നതെന്നും ആര്‍എസ്എസുകാരാണ് ഭീഷണി മുഴക്കിയതെന്നും ബിന്ദു അമ്മിണി ആരോപിച്ചു. അതേ സമയം, ഈ ആരോപണം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിഷേധിക്കുകയാണ്.
പുതുവല്‍സര ദിനത്തില്‍ പുലര്‍ച്ചെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നാണ് അമ്മിണിയെ ജനറല്‍ ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തിച്ചത്. ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ഹൃദയത്തില്‍ രണ്ടു തടസം കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇവര്‍ ഐസിയുവില്‍ ചികില്‍സയിലാണ്. തന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടു ദിവസം ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കാനാണ് ബിന്ദുവിന്റെ തീരുമാനം. ഇതാണ് ശരിക്കും പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്.
അതേസമയം, ബിന്ദു വന്നത് അറിഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍ ആശുപത്രിയില്‍ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ്. മഫ്തിയില്‍ പൊലീസുകാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ബിന്ദു ഇവിടം വിട്ടു പോകും വരെ മഫ്തി പൊലീസ് സുരക്ഷയൊരുക്കും. ബിന്ദു വന്നത് അമ്മയെ കാണാനാണെന്ന വാര്‍ത്ത പൊലീസിന് ആശ്വാസം പകരുന്നുണ്ട്.
Post Your Comments