മുംബൈ : വന്‍കിട രാജ്യാന്തര കമ്പനികള്‍ ചൈനവിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ബിസിനസ്സ് സംരഭമാക്കാനൊരുങ്ങുന്നു. 12 രാജ്യാന്തര കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയിലേക്കു വരാന്‍ താല്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അറിയിച്ചു. കോര്‍പറേറ്റ് നികുതി 15 ശതമാനമായി കുറച്ചതിനു പിന്നാലെയാണ് കമ്പനികളുടെ ഈ തീരുമാനമെന്നു ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ താഴേക്ക് പോയ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റ് നികുതി 10 ശതമാനം കുറച്ചിരുന്നു. കഴിഞ്ഞ 28 വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇത്രയധികം കുറവ് വരുത്തുന്നത്.
നിലവിലുള്ള കമ്പനികള്‍ക്കുള്ള നികുതി 22ല്‍ നിന്നു 30 ശതമാനവും 2019 ഒക്ടോബര്‍ 1ന് ശേഷം രൂപീകരിക്കുന്ന കമ്പനികള്‍ക്കും 2023 മാര്‍ച്ച് ഒന്നിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്കും 25ല്‍ നിന്ന് 15 ശതമാനവുമായിട്ടാണ് കോര്‍പറേറ്റ് നികുതി കുറച്ചത്.
ചൈനയില്‍ നിന്ന് പുറത്തു കടക്കാന്‍ താല്പര്യമുള്ള കമ്പനികളെ ബന്ധപ്പെടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. നിരവധി കമ്പനികള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു വരാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ 12 കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നെന്ന് അറിയാന്‍ കഴിഞ്ഞു. അതിനനുസരിച്ച് ഇന്ത്യയിലെ സാഹചര്യം മാറ്റിയെടുക്കാനാകുമെന്നും ധനമന്ത്രി അറിയിച്ചു.
Post Your Comments