KeralaLatest NewsIndia

രേണുരാജിന് പിന്നാലെ ,മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും കൂട്ട സ്ഥലംമാറ്റം

എൺപതിലേറെ കൈയേറ്റങ്ങളാണ് മൂന്നാര്‍ മേഖലയില്‍ രേണുരാജ് ഒഴിപ്പിച്ചത്. നാല്പതോളം വന്‍കിട കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു.

ഇടുക്കി: ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിന് പിന്നാലെ ,മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും കൂട്ട സ്ഥലംമാറ്റം. മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പ്രത്യേകസംഘത്തിന്റെ സഹായത്തോടെ എൺപതിലേറെ കൈയേറ്റങ്ങളാണ് മൂന്നാര്‍ മേഖലയില്‍ രേണുരാജ് ഒഴിപ്പിച്ചത്. നാല്പതോളം വന്‍കിട കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു.

ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമാണെന്ന് കണ്ടെത്തി റദ്ദാക്കി രണ്ടാഴ്ച കഴിയുമ്പോള്‍ സബ്കളക്ടറെയും പ്രത്യേകസംഘത്തെയും നീക്കിയത് രാഷ്ട്രീയ- കൈയേറ്റ മാഫിയയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണെന്ന് ആക്ഷേപമുണ്ട്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്താനുള്ള ചുമതല പന്ത്രണ്ടംഗ പ്രത്യേക ടീമായിരുന്നു. ഈ സംഘത്തിലെ പത്ത് പേരെയാണ് ജില്ലാ കളക്ടര്‍ റവന്യൂ വകുപ്പിലെ തന്നെ വിവിധ തസ്തികകളിലേക്ക് സ്ഥലം മാറ്റിയത്.

നിലനിറുത്തിയ രണ്ട് പേര്‍ക്ക്, സ്‌പെഷ്യല്‍ ഡ്യൂട്ടി ഉണ്ടെങ്കില്‍ മാത്രം ടീമിനൊപ്പം ചേര്‍ന്നാല്‍ മതിയെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പകരം നിയമിച്ച സംഘത്തിലെ അംഗങ്ങള്‍ നിലവില്‍ ചെയ്യുന്ന ജോലികള്‍ക്കൊപ്പം കൈയേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രം നടപടിയെടുത്താല്‍ മതി. ജില്ലയില്‍ പലയിടത്തായി ജോലി ചെയ്യുന്ന ഇവര്‍ക്ക് ഇനി ഏകോപനത്തോടെ പ്രവര്‍ത്തിക്കാനാവില്ല. കൊട്ടക്കമ്പൂര്‍ വിഷയത്തില്‍ നടപടിയെടുത്തതിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനും വി.ആര്‍. പ്രേംകുമാറും സബ്‌കളക്ടര്‍ സ്ഥാനത്ത് നിന്ന് തെറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button