തിരുവനന്തപുരം•കോൺഗ്രസിന്റെ മൂന്നു മുതിർന്ന നേതാക്കളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി വന്ന പ്രതികരണങ്ങൾ ആത്മാർത്ഥമെങ്കിൽ സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
നിഷേധാത്മക രാഷ്ട്രീയവും അന്ധമായ ബിജെപി വിരോധവും കോൺഗ്രസ് ഉൾപ്പെടയുള്ള രാഷ്ട്രീയ പാർട്ടികളെ ഒരിടത്തും എത്തിക്കില്ലെന്നും അനുദിനം ജനങ്ങളിൽ നിന്നകലാനെ സഹായിക്കൂ എന്നും കോൺഗ്രസിലെ ഒരു വിഭാഗമെങ്കിലും വൈകിയെങ്കിലും തിരിച്ചറിഞ്ഞത് ഇന്ത്യൻ ജനാധിപത്യം കൂടുതൽ ആരോഗ്യപരവും അർത്ഥസമ്പൂർണവും ആക്കാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ എ.കെ.ആന്റണിയെ പോലുള്ള ഉന്നത നേതാക്കൾ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കാനുള്ള ആർജവം പ്രകടിപ്പിക്കണം.അത് ഇന്ത്യൻ രാഷ്ട്രീയത്തിന് പൊതുവെയും കോൺഗ്രസ് രാഷ്ട്രീയത്തിന് പ്രത്യേകിച്ചും ആവശ്യമാണെന്നും പിള്ള ചൂണ്ടിക്കാണിച്ചു.
ALSO READ: ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി
നരേന്ദ്ര മോദിയോടും കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരിനോടും ഉള്ള പ്രതിപക്ഷസമീപനത്തിൽ മാറ്റം സൂചിപ്പിക്കുന്ന ജയറാം രമേശ്, അഭിഷേക് സിംഗ്വി ,ശശി തരൂർ എന്നിവരുടെ പ്രതികരണങ്ങൾ ദേശീയചർച്ചയ്ക്കു വിധേയമാവേണ്ടതുണ്ട്. സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമവായത്തിന്റെയും രാഷ്ട്രീയമാണ് ഇന്ത്യൻ യുവത ഉറ്റു നോക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നിഷേധാത്മക രാഷ്ട്രീയം ജനങ്ങൾക്കോ രാഷ്ട്രത്തിനോ ഗുണം ചെയ്യുകില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
Post Your Comments