അഞ്ജു പാര്‍വതി പ്രഭീഷ്
ആദ്യം പാടിയ കുഞ്ഞാലി മരയ്ക്കാറിലെ ‘ഒരു മുല്ലപ്പൂ മാലയായ് നീന്തി’യെന്ന പാട്ടിന് 60 തികയാറായിട്ടും മലയാളിയുടെ സ്വന്തം ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ശബ്ദത്തിന് ഇപ്പോഴും യുവത്വം സ്വന്തം. അഞ്ച് പതിറ്റാണ്ടോളമായി സംഗീതപ്രേമികളെ നിരന്തരം തന്റെ മനോഹരമായ ശബ്ദത്തിലൂടെ ആനന്ദത്തിലാറാടിയ്ക്കുന്ന ജയചന്ദ്രനെ മലയാളസിനിമാലോകം സ്നേഹപൂര്‍വ്വം ജയേട്ടനെന്നാണ് വിളിയ്ക്കുന്നത്.
തനിക്കു ലഭിക്കുന്ന പാട്ട് ഏതായാലും അതിന്റെ ഭാവ-രാഗ-ലയങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കുന്ന ഈ ഗായകനെ മലയാളം ഭാവഗായകനെന്ന സംജ്ഞ നല്കി ആദരിക്കുന്നുമുണ്ട്.
1965ല്‍ പിന്നണിഗാനരംഗത്തെത്തിയ അദ്ദേഹം ഇപ്പോള്‍ ഏറ്റവും ഒടുക്കം പാടിയ ഗാനമാണ് ഇന്ന് യൂട്യൂബില്‍ വിഷ്വല്‍ റിലീസായ ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങളിലെ എന്ന ചിത്രത്തിലെ എന്റെ കണ്ണായി മാറേണ്ടവള്‍ എന്ന അതിമനോഹരഗാനം. ജയചന്ദ്രസംഗീതത്തിന്റെ മാസ്മരികതയില്‍ ഭാവഗായകന്റെ സ്വരഗംഗയില്‍ മുങ്ങിതോര്‍ത്തിയെടുത്ത ഈ ഗാനം ഇനി മലയാളികളുടെ ചുണ്ടുകളില്‍ ഏറെനാള്‍ തത്തിക്കളിക്കാനുള്ള പ്രണയഗാനമാകുമെന്ന് തീര്‍ച്ചയാണ്.
ഭാവസൗഭഗം തുളുമ്പുന്ന ആലാപന ശൈലി ശബ്ദത്തില്‍ ആവാഹിച്ച അദ്ദേഹം പാടിയ ഗാനങ്ങള്‍ എല്ലാം എക്കാലവും ജീവസ്സുറ്റവ തന്നെയാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ പാടിയ അദ്ദേഹം ആദ്യമായി ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു പാടിയതെങ്കിലും ആദ്യം പുറത്ത് വന്നത് ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്നുതുടങ്ങുന്ന എക്കാലത്തെയും ഹിറ്റ് ഗാനമായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ‘രാസാത്തി ഒന്നെയെന്ന തമിഴകം നെഞ്ചേറ്റിയ ഗാനം ഭാവഗായകന്റെ ശബ്ദസൗകുമാര്യത്തില്‍ പുറത്തുവന്നപ്പോള്‍ അത് സംഗീതചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ഒന്നായി മാറുകയായിരുന്നു. 1972ല്‍ ‘സുപ്രഭാതം’ (പണിതീരാത്ത വീട്), 1978ല്‍ ‘രാഗം ശ്രീരാഗം’ (ബന്ധനം). 1999ല്‍ ‘പ്രായം നമ്മില്‍ മോഹം’ (നിറം), 2003ല്‍ ‘നീയൊരു പുഴയായ്’ (തിളക്കം) ,2015ല്‍ ‘ഞാനൊരു മലയാളി’ (ജിലേബി) ,ശാരദാംബരം ( എന്ന് നിന്റെ മൊയ്തീന്‍) എന്നീ ഗാനങ്ങളാണ് അദ്ദേഹത്തെ സംസ്ഥാനസര്‍ക്കാരിന്റെ മികച്ചഗായകനുള്ള പുരസ്‌കാരത്തിനര്‍ഹനാക്കിയത്.ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ…’ എന്ന ശ്രീനാരായണഗുരുവിന്റെ കൃതി പാടിയതിന് 1986-ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചു.അതുകൂടാതെ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമണി പുരസ്‌കാരവും സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
എം.എസ്. വിശ്വനാഥന്‍ എന്ന സംഗീതകുലപതി മലയാളത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് ഭാവഗായകനെന്നു പറയാനുള്ള കാരണം ജയചന്ദ്രന്‍ എന്ന ഗായകന്റെ സാധ്യതകളെ പുറത്തെടുത്തത് അദ്ദേഹമായതുക്കൊണ്ടാണ്.ദേവരാജന്റെ കളരിയില്‍ തുടങ്ങിയതാണ് ഭാവഗായകന്റെ സംഗീതസപര്യയെങ്കിലും ജയചന്ദ്രനെന്ന ഗായകന്റെ മാറ്റ് പത്തരമാറ്റായി തെളിഞ്ഞത് എം.എസ്.വിശ്വനാഥനെന്ന ഉരകല്ലിലായിരുന്നു. എംഎസ് വിയുടെ സംഗീതത്തിലാണ് ജയചന്ദ്രന് ആദ്യ സംസ്ഥാന അവാര്‍ഡ് (നീലഗിരിയുടെ സഖികളേ – പണിതീരാത്ത വീട്) ലഭിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡിയായ നീലഗിരിയുടെ സഖികളെയെന്ന നിത്യഹരിതഗാനം മൂളാത്ത മലയാളികള്‍ ചുരുക്കം.
ആദ്യഗാനം കുഞ്ഞാലി മരയ്ക്കാറിലെ ഒരു മുല്ലപ്പൂ മാലയായ് നീന്തി.എന്നതാണെങ്കിലും 1967-ല്‍ പുറത്തിറങ്ങിയ ‘കളിത്തോഴന്‍’ എന്ന ചിത്രത്തിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനത്തിലൂടെയാണ് ജയചന്ദ്രനാദം മലയാളികള്‍ ശ്രദ്ധിക്കുന്നത്.
78-ല്‍ ‘ബന്ധനം’ എന്ന ചിത്രത്തില്‍ ‘രാഗം ശ്രീരാഗം ഉദയ ശ്രീ രാഗം…’ എന്ന ഗാനം ജയചന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവാണ്. ശാസ്ത്രീയ സംഗീതത്തില്‍ വലിയ അവഗാഹമൊന്നുമില്ലാതെ വിവിധ രാഗങ്ങളുടെ സത്തുമാത്രം കോര്‍ത്തിണക്കിയ രാഗമാലിക അവതരിപ്പിച്ചത് വലിയ അത്ഭുതമായി ഇന്നും അവശേഷിക്കുന്നു. ഈ ഗാനത്തിന് മികച്ച ഗാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.2015ല്‍ അവാര്‍ഡിനര്‍ഹമായ, അദേഹത്തിന്റെ വ്യക്തിത്വവുമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ‘ഞാനൊരു മലയാളി’ എന്ന ഗാനം പ്രായമേശാത്ത ആ ശബ്ദത്തിന് കാലം നല്‍കുന്ന ആദരമാണ്.ഒപ്പം ഈസ്റ്റ് കോസ്റ്റ് ബാനറിനു ഏറ്റവും അഭിമാനിക്കേണ്ട മുഹൂര്‍ത്തവും.ഇപ്പോഴിതാ എന്റെ കണ്ണായി മാറേണ്ടവള്‍ എന്ന മറ്റൊരു ഹിറ്റുമായി ജയചന്ദ്രനാദം ഈസ്റ്റ് കോസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രമായ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലൂടെ ആസ്വാദകരിലെത്തുമ്പോള്‍ അത് ഇനിയാര്‍ക്കും അത്രമേല്‍ ഭാവതീവ്രമായി പാടാന്‍ കഴിയാത്ത ഗാനമായി മാറുന്നു.
നിത്യഹരിതമായ മധുരശബ്ദത്തിലൂടെയും അനുഭൂതികളുടെ അനന്യമായ തലങ്ങളെ സ്പര്‍ശിക്കുന്ന ആലാപനത്തിലൂടെയും മലയാളസംഗീതശാഖയെ സമ്പന്നമാക്കിയ ഗാനസാമ്രാട്ട് പി.ജയചന്ദ്രന്റെ ആലാപനമികവിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് വിഷ്വല്‍ റിലീസായ അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍ എന്ന ഗാനം.നൂറുശതമാനവും സാഹിത്യത്തോടു നീതിപുലര്‍ത്തുന്ന ആലാപന ശൈലിയാണ് അദ്ദേഹത്തിന്റെ ഓരോ ഗാനത്തെയും ഇത്രമേല്‍ ജനപ്രിയമാക്കുന്നത്.ഓരോ അക്ഷരങ്ങളുടെ ഉച്ചാരണവും വാക്കുകളുടെ സൂക്ഷ്മധ്വനികളും വളരെ കണിശമായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്ന് ഈ ഗാനം ഒരിക്കല്‍ കൂടി അടിവരയിടുന്നു.
ഓരോ കാലഘട്ടത്തിലും മികവു തെളിയിച്ച സംഗീതപ്രതിഭകള്‍ക്കിടയില്‍ സ്വയം ഒരു യുഗം തന്നെ സൃഷ്ടിച്ച് അതിലെ എല്ലാ കാലഘട്ടങ്ങളിലും ജ്വലിച്ചുനില്‍ക്കുകയാണ് ജയചന്ദ്രനെന്ന മധുചന്ദ്രിക. ജയചന്ദ്രനാദത്തിലുള്ള ഓരോ ഗാനവും ഈ പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും ഒരു സ്വാഭാവികചലനം പോലെയാണ് ആസ്വാദകഹൃദയങ്ങളില്‍ പടരുന്നത്.അതുകൊണ്ടാണ് ‘നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത് ഞാനെന്റെ മുറികൂടി പണിയിച്ചോട്ടേ’ എന്നു പാടിയ ഭാവഗായകനു മലയാളികള്‍ ഹൃദയമാകുന്ന നാലുകെട്ടിന്റെ സ്വീകരണമുറിയില്‍ നിത്യസിംഹാസനം നല്കിയത്.
Post Your Comments