കൊച്ചി: ട്രോളിങ് നിരോധിച്ചതോടെ കേരളത്തിലെ മത്സ്യക്ഷാമം മുതലെടുത്ത് തമിഴ്നാട്. തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ മത്സ്യങ്ങള്‍ കേരളത്തിലെത്തിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് മീന്‍ വണ്ടികള്‍ എത്തുന്നത്.
കാലവര്‍ഷം തുടങ്ങും മുന്‍പേ തന്നെ കേരളത്തില്‍ ഈ വര്‍ഷം വലിയ രീതിയില്‍ മീന്‍ ക്ഷാമമുണ്ടായിരുന്നു. മീന്‍വില കുത്തനെ ഉയരുന്നതിനിടയിലാണ് കാലവര്‍ഷവും ട്രോളിങ് നിരോധനവുമൊക്കെ വരുന്നത്. കാലാവസ്ഥ മോശമായതിനാല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ കഴിയാതായി. കേരളത്തില്‍ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന മത്തി ( ചാള) കേരള തീരത്തുനിന്ന് പതിയെ തമിഴ്നാടന്‍ തീരക്കടലിലേക്ക് വഴിമാറിയതായാണ് വിലയിരുത്തുന്നത്. കേരളത്തില്‍ മത്തിക്ക് വലിയ ക്ഷാമമുണ്ടായെങ്കിലും തമിഴ്നാട്ടില്‍ നല്ല രീതിയില്‍ മത്തി ലഭിക്കുന്നുണ്ട്. തമിഴ്നാട്ടുകാര്‍ ഇത് ഭക്ഷ്യാവശ്യത്തിനായി സാധാരണ ഉപയോഗിക്കാറില്ലാത്തിനാല്‍ അവിടെ വിലയും തുച്ഛമാണ്. കേരളത്തില്‍ ഈ മത്സ്യത്തിന് നല്ല ഡിമാന്‍ഡുള്ളതിനാല്‍ നിരോധനം തുടങ്ങും മുമ്പ് തന്നെ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് മത്തി വന്‍തോതില്‍ എത്തിയിരുന്നു.
കേരളത്തില്‍ നേരത്തെ ലഭിച്ചുവന്ന രുചിയുള്ള നാടന്‍ മത്തിയാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ലഭിക്കുന്നത്. ശീതീകരിച്ച വാഹനങ്ങളില്‍ കേരളത്തിലെ ഹാര്‍ബറുകളിലേക്കാണ് തമിഴ്നാട്ടില്‍നിന്നുളള മീന്‍ എത്തുന്നത്. ഇവിടെയാണ് കച്ചവടം നടക്കുന്നത്. ഹാര്‍ബറുകളില്‍ നിന്ന് കച്ചവടക്കാര്‍ ചെറിയ വാഹനങ്ങളില്‍ നാടന്‍ ചന്തകളിലേക്ക് കൊണ്ടുപോകും. കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകളില്‍നിന്ന് വന്‍തോതില്‍ മീന്‍ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും പോകുന്നുണ്ട്. കൊച്ചി ഹാര്‍ബറില്‍ മാത്രം ദിവസം മൂന്നു കോടി രൂപയുടെ മീന്‍കച്ചവടമാണ് നടക്കുന്നത്. ദിവസവും കുറഞ്ഞത് ആയിരം ടണ്‍ മീന്‍ കൊച്ചിയില്‍നിന്ന് കൊണ്ടുപോകുന്നുണ്ട്.
ചാള, അയല, കൊഴുവ തുടങ്ങിയ മീനുകള്‍ക്കാണ് നാടന്‍ ചന്തകളില്‍ വലിയ ഡിമാന്റുള്ളത്. തിലോപിയ, പ്രാഞ്ഞില്‍, കട്ല, കരിമീന്‍ തുടങ്ങിയ മീനുകള്‍ വിവിധ സംസ്ഥാനങ്ങളിലെ ഫാമുകളില്‍ ഉത്പാദിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരം മീനുകള്‍ കൂടുതല്‍ വരുന്നത്.
Post Your Comments