Latest NewsKerala

സ്‌കൂള്‍ ലയനം; സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്റഡറി, വി.എച്ച്.സി എന്നിവ മൂന്നായി പ്രവര്‍ത്തിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും ഖാദര്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.മന്ത്രിയുടെ മറുപടിയെതുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുഗ്ലക്ക് പരിഷ്‌കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. റിപ്പോര്‍ട്ട് പൂര്‍ണമായും വരാതെ എങ്ങനെ നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ഡോ.എം.എ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒരു ഡയറക്ടറേറ്റ് ആക്കണമെന്നാണ് തീരുമാനം.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും പുതുതായി രൂപീകരിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനായിരിക്കും. ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്ന കാര്യമാണ് ലയനം. പ്രൈമറിതലത്തില്‍ (ഒന്നു മുതല്‍ ഏഴു വരെ) അധ്യാപക അടിസ്ഥാന യോഗ്യത ബിരുദം ആയിരിക്കണമെന്നും ശുപാര്‍ശയുണ്ട്. ബിരുദ നിലവാരത്തിലുള്ള പ്രഫഷനല്‍ യോഗ്യതയും വേണം. സെക്കന്‍ഡറിതലത്തില്‍ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button