കശ്മീര്‍: ജമ്മു കശ്മീരില്‍ ഭീകരവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ കുറവ് വന്നിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ്. അതെ സമയം കശ്മീര്‍ വാലിയില്‍ ഏകദേശം 275ഓളം തീവ്രവാദികള്‍ ഇപ്പോഴും ഉള്ളതായാണ് കണക്കുകള്‍. ഇതില്‍ 75 പേര് രാജ്യത്തിന് പുറത്ത് നിന്നുള്ളവരും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണ്. സക്കീര്‍ മൂസയേയും അയാളുടെ തീവ്രവാദ സംഘടനയേയും ഇല്ലായ്മ ചെയ്യാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും ഡിജിപി പറഞ്ഞു. ഇവരുടെ അംഗങ്ങളില്‍ ഭൂരിഭാഗവും പാകിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു.
കശ്മീര്‍ താഴ്വരയില് ഭീകരവാദം വളര്‍ത്തുക എന്നതായിരുന്നു ഇവരുടെ സംഘടനയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇയാളെ കൊല്ലാന്‍ സാധിച്ചതിലൂടെ ഈ നീക്കത്തിന് തടയിടാന്‍ സാധിച്ചു. ഭീകരവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചര മാസത്തിനിടയില്‍ 40 പ്രദേശവാസികള്‍ മാത്രമാണ് തീവ്രവാദ സംഘടനകളില്‍ ചേരുന്നതിനായി പോയിട്ടുള്ളത്. മുന്‍പുണ്ടായിരുന്ന കണക്കുകളുടെ പകുതിയില്‍ താഴെ മാത്രമാണ് ഇത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യവും, ജമ്മു കശ്മീര്‍ പൊലീസും, സിആര്‍പിഎഫും സംയുക്തമായാണ് തീവ്രവാദികള്‍ക്കെതിരെ നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇവരില്‍ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവര്‍ ജെയ്ഷ് ഇ മുഹമ്മദ് സംഘടനയില്‍ പെട്ടവരാണെന്നാണ് സൂചന. രണ്ടുപേരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ് . എന്നാൽ മറ്റെയാൾ ആരാണെന്നു വ്യക്തമല്ല.
Post Your Comments