ഏതൊരു വിജയത്തിനു പിന്നിലും ഒരു അണിയറ ശില്പി ഉണ്ടാകുമെന്നതില്‍ സംശയമില്ല. മോദിയുടെ വിജയത്തിനു പിന്നിലെ ആ ഉറച്ച ശക്തിയാണ് അമിതാ ഷാ എന്ന് തറപ്പിച്ചു
തന്നെ നമുക്ക് പറയാം. ഇന്ന് രാജ്യം കണ്ട ഈ വന്‍ വിജയത്തിനു പിന്നിലും ഈ അടിപതറാത്ത തളരാത്ത കൂട്ട്കെട്ടു തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പോരു മുറുകവേ അമിത് ഷായെ മോദി അര്‍ജുനനോടാണ് ഉപമിച്ചത്.
പിതാവ് രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്നു വിളിച്ച പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ദുര്യോധനനെ പോലെ അഹങ്കാരിയായ മോദിക്കു രാജ്യം മാപ്പു നല്‍കില്ലെന്നു പറഞ്ഞു. ‘പ്രിയങ്ക പറഞ്ഞതു കൊണ്ട് ആരും ദുര്യോധനനാവില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ദുര്യോധനനും അര്ജുനനുമൊക്കെ ആരാണെന്ന് 23ന് അറിയാം’- എന്നായിരുന്നു ഷായുടെ മറുപടി. രാജ്യം കണ്ട മികച്ച പ്രായോഗിക രാഷ്ട്രീയക്കൂട്ടാണു മോദിയും ഷായും എന്നതില്‍ ഇനി ചോദ്യചിഹ്നമില്ല.
മോദിക്ക് എപ്പോഴും താങ്ങും തണലുമായിരുന്നു എന്നതാണ് അമിത് അനില്‍ചന്ദ്ര ഷായുടെ പ്രത്യേകത. ചെസ് ആണ് ഷായുടെ ഇഷ്ടവിനോദം. പിതാവിന്റെ പൈപ്പ് ബിസിനസിലാണ് തുടക്കം. പിന്നീട് ഓഹരി ദല്ലാളായി. 1982 ല്‍ ആണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി, അമിത് ഷായെ കണ്ടുമുട്ടുന്നത്. ഇരുമെയ്യും ഇരുമനസ്സും ആയിരിക്കുമ്പോഴും ഒരൊറ്റ ലക്ഷ്യമാണ് ഇരുവരെയും യോജിപ്പിക്കുന്നത്. മോദിയെപ്പോലെയല്ല, വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും തയാറായിരുന്നു ഷാ.
2013ല്‍ മോദി ദേശീയ രാഷ്ട്രീയത്തിലേക്കു വരുമ്പോള്‍ മൂന്നു നേതാക്കള്‍ക്കായിരുന്നു ബിജെപിയില്‍ ആധിപത്യം. പാര്‍ട്ടി അധ്യക്ഷന്‍ രാജനാഥ് സിങ്, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി എന്നിവര്‍. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത മോദി 2014ല്‍ മിന്നുംജയവുമായി പ്രധാനമന്ത്രിയായി. ആദ്യ മന്ത്രിസഭാ രൂപീകരണത്തില്‍ ജയ്റ്റ്ലിയുടെയും രാജ്നാഥിന്റെയും ശുപാര്‍ശകള്‍ അനുവദിക്കപ്പെട്ടു. 10 സീറ്റിലൊതുങ്ങിയ ബിജെപിക്ക് 40 സീറ്റെന്ന ദുഷ്കര ദൗത്യവുമായാണ് അമിത് ഷാ യുപിയില്‍ ചുമതലയേറ്റത്. 80 സീറ്റുള്ള യുപിയില്‍ മോദി ഉള്‍പ്പെടെ 71 ബിജെപിക്കാരെയാണ് 2014ല്‍ ഷാ ജയിപ്പിച്ചെടുത്തത്. എന്‍ഡിഎയുടെ സീറ്റെണ്ണം 73. കേവല ഭൂരിപക്ഷത്തിനുവേണ്ട 272 എന്ന സംഖ്യ ബിജെപി ഒറ്റയ്ക്കു മറികടന്നു. പിന്നാലെ മോദിയുടെ ആശിര്‍വാദത്തില്‍ ഷാ ബിജെപി അധ്യക്ഷനായി. പിന്നീടുള്ള മന്ത്രിസഭാ വികസനം തീരുമാനിച്ചതു മോദിയും ഷായും ചേര്‍ന്നാണ്.
2017ല്‍ 29 സംസ്ഥാനങ്ങളില്‍ 20 എണ്ണവും ഭരിക്കുന്നവരായി ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മാറി. കാല്‍നൂറ്റാണ്ട് സിപിഎമ്മിന്റെ ചെങ്കോട്ടയായിരുന്ന ത്രിപുര പിടിച്ചത് ആഘോഷിക്കപ്പെട്ടു. ജമ്മു കശ്മീരില്‍ പിഡിപിയുമായി കൈകോര്‍ത്തു സര്‍ക്കാരുണ്ടാക്കിയെങ്കിലും കാലാവധി തികച്ചില്ല. കൂറുമാറ്റത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും ഭരണം പിടിച്ചെടുക്കുമ്പോള്‍ രാഷ്ട്രീയ അധാര്‍മികത ഇരു നേതാക്കള്‍ക്കും വിഷയമായില്ല. ഗോവയില്‍ കോണ്‍ഗ്രസാണു കൂടുതല്‍ സീറ്റു നേടിയതെങ്കിലും സര്‍ക്കാരുണ്ടാക്കിയതു രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപി. മേഘാലയയില്‍ വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നിട്ടും രണ്ടാമത്തെ വലിയ കക്ഷിയായ എന്‍പിപിയാണ് ഒരു സീറ്റുള്ള ബിജെപിയുടെ പിന്തുണയില്‍ അധികാരത്തിലേറിയത്. മണിപ്പുരില്‍ കോണ്‍ഗ്രസിന് 24 സീറ്റ് ലഭിച്ചെങ്കിലും 21 സീറ്റുള്ള ബിജെപിയെയാണു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡാണു ഭരണകക്ഷിയെങ്കിലും സഖ്യമുള്ളതിനാല്‍ ക്രെഡിറ്റ് എന്‍ഡിഎയ്ക്ക്.
ഇക്കാലത്തിനിടെ ഡല്‍ഹിയും പഞ്ചാബും ബംഗാളും ബിജെപിക്കു ബാലികേറാമലയായി. തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ ‘കാവിതൊട്ടില്ല’. കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും ഭരണം ജെഡിയു കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ ഇത്തവണ എന്‍ഡിഎ മുന്നണിയിലാണു പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി സംസ്ഥാനങ്ങളായിരുന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈ വിട്ടുനോട്ട് അസാധുവാക്കലും ജിഎസ്ടിയും ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ നേട്ടത്തേക്കാളേറെ കോട്ടമാണുണ്ടാക്കിയതെന്നു ബിജെപി നേതാക്കള്‍ രഹസ്യമായി സമ്മതിച്ചു.
അശാന്തമായ അതിര്‍ത്തിയും ഭീകരാക്രമണങ്ങളും സൈനികരുടെ വീരമൃത്യുവും വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷക രോഷവും കാര്‍മേഘമായി മൂടിനിന്നു. അഴിമതിക്കഥകള്‍, ശതകോടികള്‍ വായ്പയെടുത്തു മുങ്ങിയവര്‍, ഭരണഘടനാ സ്ഥാപനങ്ങളിലെ അനധികൃത ഇടപെടല്‍, അപ്രഖ്യാപിത അടിയന്തരാവസ്ഥ. ജനരോഷത്തിനു കാരണങ്ങള്‍ നിരവധിയുണ്ടായിരുന്നു. പക്ഷേ ഹിന്ദുത്വവും ദേശീയതയും ഭരണവിരുദ്ധതയെയും കോപത്തെയും മറികടന്നു. ഒടുവില്‍ മോദിയിപ്പോള് രണ്ടാം ഊഴത്തിന് ഒരുങ്ങിയിരിക്കുകയാണ്. രാജ്യം ഇനിയും ബിജെപിയുടെ കയ്യില്‍ സുരക്ഷിതമായിരിക്കുമെന്ന് ഒരില്കൂടി ഊന്നി പറയുകയാണ് അമിത് ഷായും നരേന്ദ്ര മോദിയും.
Post Your Comments