പോളണ്ട്: പത്ത് മാസം കാത്തിരുന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോഴുള്ള സന്തോഷം ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല. അത് ഇരട്ടകള്‍ കൂടിയായാല്‍ പിന്നെ ആഘോഷം പറയാനുമില്ല. എന്നാല്‍ സന്തോഷത്തേക്കാളും ഏറെയാണ് ആശങ്കകള്‍. ഇരട്ടകളാണെന്നറിഞ്ഞാല്‍, കേട് കൂടാതെ അവര്‍ പുറത്തെത്തും വരെ അമ്മയ്ക്കും അച്ഛനുമെല്ലാം പേടിയായിരിക്കും. ഇനി, ഇരട്ടകള്‍ക്ക് പകരം നാലോ അഞ്ചോ ആറോ മക്കളൊക്കെ ഉണ്ടായാല്‍ ആ അവസ്ഥ ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ അത്തരമൊരു വാര്‍ത്തയാണ് പോളണ്ടില്‍ നിന്നും പുറത്ത് വരുന്നത്. പോളണ്ട് സ്വദേശിയായ ഒരു മുപ്പതുകാരി ഇപ്പോള്‍ അങ്ങനെയൊരു അവസ്ഥയിലൂടെയാണ് കടന്നു പോയത്. ഒരേസമയം ആറ് മക്കളെ ഗര്‍ഭം ധരിച്ച അമ്മ! ഒരിക്കലും സുഖപ്രസവത്തിന് സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തേ അറിയിച്ചു. സിസേറിയന് ആണെങ്കില്‍ പോലും അപകടസാധ്യതകള്‍ പലതായിരുന്നു. എങ്കിലും അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. പ്രശ്നങ്ങളൊന്നും കൂടാതെ അവര്‍ ആറുപേരും പുറത്തെത്തിയാല്‍ അത് പോളണ്ടില്‍ ചരിത്രമെഴുതുമെന്ന് ക്രാക്കോ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതരും കണക്കുകൂട്ടി.
പ്രസവത്തിന് മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തന്നെ വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴാം മാസമായപ്പോഴേക്കും സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തേ പറ്റൂ എന്ന അവസ്ഥയിലെത്തി. അങ്ങനെ സിസേറിയനിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തു. നാല് പെണ്കുഞ്ഞുങ്ങളും രണ്ട് ആണ്‍കുഞ്ഞുങ്ങളുമാണ് ഇവര്‍ക്ക് ഉണ്ടായത്. ഓരോരുത്തര്‍ക്കും ഓരോ കിലോ വീതം തൂക്കമുണ്ട്. തൂക്കക്കുറവുണ്ടെന്നല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഈ കുഞ്ഞുങ്ങള്‍ക്കില്ല. ഇപ്പോള്‍ അമ്മയും കുഞ്ഞുങ്ങളും സന്തോഷമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ലക്ഷക്കണക്കിന് പ്രസവങ്ങളില്‍ ഒന്നുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അതിന് സാക്ഷികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
Post Your Comments