KeralaLatest News

ഫാനി ശക്തി പ്രാപിക്കുന്നു; ചൊവ്വാഴ്ച തീരംതൊട്ടേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത 24 മണിക്കൂറില്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലും നാളെ മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയോടെ വടക്കന്‍ തമിഴ്നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് തീരമേഖല. വടക്കന്‍ തമിഴ്‌നാട്ടിലും ആന്ധ്രാ തീരങ്ങളിലും ദുരന്തനിവാരണ സേനയുടെ അടക്കം സേവനം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നില്‍ കണ്ട് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയും ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല.

എന്നാല്‍ ചുഴലിക്കാറ്റ് പ്രഭാവത്തില്‍ കേരളത്തിലെ ചില ജില്ലകളില്‍ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ സുരക്ഷയ്ക്കായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടര്‍മാര്‍ക്കും ഈ സാഹചര്യം നേരിടാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. തുടര്‍ന്നും ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

ഏപ്രില്‍ 28 (മണിക്കൂറില്‍ 30-50 കിലോമീറ്റര്‍ വേഗതയില്‍) ഏപ്രില്‍ 29, 30 (മണിക്കൂറില്‍ 40-60 കി.മീ വരെ വേഗത്തില്‍) കേരളത്തില്‍ ശക്തമായ കാറ്റ് വീശുവാന്‍ സാധ്യത ഉണ്ട്.കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഏപ്രില്‍ 29,30 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 /04 /2019 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

30/ 04/ 2019 ന് കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.

https://www.facebook.com/CMOKerala/posts/2302865846423128

 

shortlink

Related Articles

Post Your Comments

Related Articles


Back to top button