Latest NewsFood & Cookery

ചെറുപ്പം നിലനിര്‍ത്താന്‍ ഇതാ പത്ത് ഭക്ഷണങ്ങള്‍

എപ്പോഴും വയസ് കുറച്ച് പറയുന്നവരാണ് അധികവും. തനിക്ക് പ്രായം കൂടുതലാണെന്ന് പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് അധികവും. അതുകൊണ്ടുതന്നെ പ്രായം തോന്നാതിരിക്കാന്‍ എല്ലാ വഴികളും നോക്കുന്നവരാണ് പലരും. പ്രായം കുറയ്ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി സഹായിക്കുന്ന പത്ത് ഭക്ഷണങ്ങളുണ്ട്.

ക്യാരറ്റ്

ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാനും ചുളിവുകള്‍ വീഴാതിരിക്കാനും സഹായിക്കുന്നു. ഇവ വേവിക്കുകയോ എണ്ണയില്‍ വറക്കുകയോ ചെയ്യുന്നതു വഴി പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ദിവസത്തില്‍ ഒരു നേരമെങ്കിലും ഇവ പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്.

നാരങ്ങ

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി, ഫോസ്ഫറസ് തുടങ്ങിയവ ത്വക്കിലെ കൊളാജിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു.

കറിവേപ്പില

കറിവേപ്പില അകാല നര തടയാന്‍ ഏറ്റവും നല്ലതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ മുടിയുടെ കറുപ്പു നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും ഒരു ചെറിയ തണ്ട് കറിവേപ്പിലയിട്ട് തിളപ്പിച്ച വെളളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

തക്കാളി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ഇലാസ്തികത നിലനിര്‍ത്താനും ചുളിവുകള്‍ വീണ് ചര്‍മം തൂങ്ങി പോകാതിരിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ തക്കാളി ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് ശീലമാക്കൂ. സോസ് പോലെയോ കറിയില്‍ ചേര്‍ത്തോ ദിവസവും ഒരു നേരമെങ്കിലും തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കാം.

ധാന്യങ്ങള്‍

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ പുറംതള്ളാനും ധാന്യങ്ങള്‍ തവിടോടുകൂടി തന്നെ കഴിക്കണം. ഇവയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുവാനുളള സാധ്യത കുറയ്ക്കും. തവിടുളള അരി, നുറുക്ക് ഗോതമ്പ്, ഓട്‌സ് തുടങ്ങിയവ ദിവസത്തില്‍ ഒരു നേരമെങ്കിലും കഴിക്കുന്നത് നല്ലതാണ്. പ്രാതലിനായി ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ഗോതമ്പു പൊടിക്കൊപ്പം കുറച്ച് ഓട്‌സ് ചേര്‍ക്കാം. അല്ലെങ്കില്‍ നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പു മാവ് ഉണ്ടാക്കാം.

പപ്പായ

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ എ എന്നിവ ചര്‍മത്തിന്റെ തിളക്കം കൂട്ടും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും പപ്പായ കഴിക്കുന്നത് ശീലമാക്കുക. പഴുത്ത പപ്പായ, കശുവണ്ടി, തേന്‍ എന്നിവ ചേര്‍ത്ത് ഷേക്ക് ഉണ്ടാക്കാം.

പാല്‍

ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ പാല്‍ ശീലമാക്കാം. ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും പുതിയ കോശങ്ങള്‍ ഉണ്ടാകാനും ഇവ വേണം. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുക.

ഇഞ്ചി

ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ പുറംതള്ളാനും രക്തചംക്രമണം കൂട്ടാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും നിത്യേന ആഹാരത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തണം. ഇഞ്ചിയും തേനും ചേര്‍ത്ത മിശ്രിതം ഒരു വലിയ സ്പൂണ്‍ വീതെ രാവിലെയും കഴിക്കാന്‍ മറക്കല്ലേ.

ബദാം

പ്രോട്ടീന്റെയും വൈറ്റമിന്‍ ഇയുടെയും സ്രോതസ്സായ ബദാം ചര്‍മത്തിന്റെ കാന്തി നിലനിര്‍ത്തും. തലമുടി സമൃദ്ധമായി വളരാന്‍ സഹായിക്കും. ദിവസവും നാലോ അഞ്ചോ ബദാം പാലില്‍ ചേര്‍ത്തു കഴിക്കുന്നതു നല്ലതാണ്.

നെല്ലിക്ക

ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ളതിനാല്‍ ചെറുപ്പം നിലനിര്‍ത്താന്‍ ഏറ്റവും നല്ല മരുന്നാണ് നെല്ലിക്ക. ചുളിവുകള്‍ വീഴാത്ത സുന്ദരമായ ചര്‍മ്മത്തിനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും. ദിവസവും ഒരു പച്ച നെല്ലിക്ക ശീലമാക്കൂ. രുചി ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അധികം വെളളം ചേര്‍ക്കാതെ നെല്ലിക്ക മിക്‌സിയിലരച്ച് തേന്‍ ചേര്‍ത്ത് രണ്ടോ മൂന്നോ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button