ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കേസുകളില്‍ കുടുക്കി ജയിലിലടച്ച സര്‍ക്കാരിന്റെയും സിപിഎമ്മിന്റെ നടപടിക്ക് തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ബിജെപി.ഇതിന്റെ ഭാഗമായി ജനപ്രതിനിധികളായ സി.പി.എം. നേതാക്കളുടെ കേസുകളുടെ വിശദാംശങ്ങൾ ബിജെപി നേതാക്കള്‍ എടുത്തുകൊണ്ടിരിക്കുന്നുവെന്നു മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നു.
ബി.ജെ.പി. ജില്ലാ കമ്മിറ്റികളോട് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ക്രിമിനല്‍ കേസുകള്‍ ഉള്ള നേതാക്കള്‍ അത് മറച്ചുവച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നല്‍കിയെന്ന വിവരം ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം വച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കലാണ് ആദ്യ നടപടി.
ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിന്റെ നേതൃത്വത്തിലാണ് കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം. ജനപ്രതിനിധികള്‍ പലരും പ്രത്യക്ഷത്തില്‍ അറിയാവുന്ന ചില കേസുകളുടെ കാര്യങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടി ആരംഭിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
നേതാക്കള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി, തങ്ങള്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ കണ്ടെത്തി അത് ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 27 കേസുകളിലെ പ്രതിയാണെന്ന് ബി.ജെ.പി. ലിസ്റ്റെടുത്തിട്ടുണ്ട്. മന്ത്രി ഇ.പി. ജയരാജനെതിരേ ഏഴു കേസുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നാല് കേസുകളുണ്ട്.
എം.എല്‍.എ.മാരായ എം. സ്വരാജിനെതിരേ ഏഴും ടി.വി. രാജേഷിനെതിരേ എട്ടും കേസുകളുമുണ്ട്. മറ്റ് സി.പി.എം. നേതാക്കളുടെയും ഇടത് നേതാക്കളുടെയും കേസിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.വി. സാബു പറയുന്നു.സംസ്ഥാനത്തെ കോടതികളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ കേസുകള്‍ പരിശോധിച്ചാല്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെല്ലാം പ്രതികളാണെന്ന് വ്യക്തമാവും.
അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നിരിക്കെ, അധികാരം ഉപയോഗിച്ച് വിവിധ കോടതികളില്‍നിന്ന് പ്രൊഡക്ഷന്‍ വാറന്റ് സംഘടിപ്പിച്ച് കെ. സുരേന്ദ്രനെതിരേ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. അദ്ദേഹത്തെ കോടതികളില്‍നിന്ന് കോടതിയിലേക്കും ജയിലില്‍നിന്ന് ജയിലിലേക്കും കൊണ്ടുപോയതിനു പിന്നിലെ സി.പി.എം. ഗൂഢാലോചനയ്ക്ക് തിരിച്ചടി നല്‍കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.
മന്ത്രിമാര്‍ക്കും സമാനമായ കേസുകളില്ലേ എന്ന ചോദ്യം സുരേന്ദ്രന് ജാമ്യം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇങ്ങനെ എത്രകാലം സുരേന്ദ്രനെ ജയിലില്‍ ഇടുമെന്നും കോടതി ചോദിച്ചിരുന്നു.
Post Your Comments