കാസര്‍കോട്•ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ സമയത്ത് നിലവില്‍ ഹാജരാക്കുന്ന രേഖകള്‍ക്ക് പുറമേ രണ്ടു രേഖകള്‍കൂടി ഹാജരാക്കുന്നതിനു നടപടിയുണ്ടാകണമെന്നു വനിതാ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദമ്പതികള്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റും വിവാഹത്തിന് ഇരുവര്‍ക്കും ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റും വിവാഹ രജിസ്‌ട്രേഷന്‍ സമയത്ത് രേഖപ്പെടുത്തുന്നതിനു നടപടിയുണ്ടാകണമെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.
കമ്മീഷനു മുന്നിലെത്തുന്ന പരാതികളില്‍ ഭൂരിഭാഗവും ദമ്പതികള്‍തമ്മിലുള്ള വിവിധ പരാതികളാണെന്നും ഇതില്‍ വിവാഹ സമ്മാനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കേസുകള്‍ നീണ്ടുപോകുന്നതിനു കാരണമാകുന്നുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. പ്രീമാരിറ്റല്‍ കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്നവരില്‍ കുടുംബ പ്രശ്‌നങ്ങള്‍ കുറവാണെന്നതും വിവാഹത്തിന് മുമ്പ് ഇത്തരത്തില്‍ കൗണ്‍സിലിംഗുകളില്‍ പങ്കെടുക്കുന്നതു പിന്നീടുള്ള ദാമ്പത്യജീവിതത്തില്‍ മുതല്‍കൂട്ടാവുമെന്നും കണ്ടെത്തിയതിന്റ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇത്തരമൊരു ആവശ്യംകൂടി മുന്നോട്ടുവയ്ക്കുന്നതെന്ന് ഡോ.ഷാഹിദ കമാല്‍ വ്യക്തമാക്കി.
ദമ്പതികളുടെ കേസുകളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിന് യഥാര്‍ത്ഥ വസ്തുതകളും നിജസ്ഥിതിയും പരിശോധിക്കുന്നതിന് ഈ രേഖകള്‍ കമ്മീഷനും കോടതികള്‍ക്കും സഹായകരമാകും. നിലവില്‍ കമ്മീഷനുമുന്നിലെത്തുന്ന കേസുകളില്‍ വിവാഹ സമ്മാനങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുവാന്‍ ദമ്പതികള്‍ക്ക് കഴിയുന്നില്ല. ഇത് കേസുകള്‍ നീണ്ടുപോകുന്നതിനു കാരണമാകുന്നുണ്ട്. വിവാഹരജിസ്‌ട്രേഷന്‍ സമയത്ത് വിവാഹസമ്മാനങ്ങളുടെ ലിസ്റ്റ് രേഖപ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നീട് ഒരു തര്‍ക്കമുണ്ടായാല്‍ ഈ രേഖകള്‍ പരിശോധിച്ചാല്‍ മതിയാകുമെന്നും ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
33 പരാതികള്‍ പരിഗണിച്ചതില്‍ 12 പരാതികള്‍ ഒത്തുതീര്‍പ്പാക്കി. ആറു പരാതികളില്‍ പോലീസിനോട്് റിപ്പോര്‍ട്ട് തേടി. മൂന്ന് പരാതികളില്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് തേടി. രണ്ടു കേസുകളില്‍ കൗണ്‍സിലിങ് നല്‍കും. പത്ത് പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുവാനും തീരുമാനിച്ചു. എ.ഡി.എം: എന്‍.ദേവീദാസ്, ലീഗല്‍പാനല്‍ അംഗങ്ങള്‍ അഡ്വ:വി.പി ശ്യാമള ദേവി , അഡ്വ.എ.പി ഉഷ, അഡ്വ.കെ.എം ബീന,വനിതാ സെല്‍ എസ്‌ഐ: എം.ജെ എല്‍സമ്മ, സിപിഒ:പി.വി ഗീത, കൗണ്‍സലര്‍ എസ്.രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments