ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി സ്ഥിരീകരണം. പൊതുപ്രവർത്തകനായ ബിജു മാരാത്ത് നൽകിയ വിവരാവകാശത്തിലാണ് ദേവസ്വം ബോർഡിന്റെ സ്ഥിരീകരണം. അതേസമയം ഗുരുവായൂർ ദെവസ്വം ആക്ട് അനുസരിച്ച് ഭക്തജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് കമ്മീഷണർ അനുമതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ഭക്തജനഹിതം അറിയാൻ പുറപ്പെടുവിച്ച വിജ്ഞാപനമോ പത്രപ്പരസ്യമോ ലഭ്യമല്ലെന്നും ദേവസ്വം അറിയിച്ചിട്ടുണ്ട്. ഭക്തരുടെ പ്രതിഷേധ സമരങ്ങൾക്കെതിരെ പുറം തിരിഞ്ഞു നിൽക്കുന്ന സർക്കാർ ഭക്തരുടെ കാണിക്കപ്പണം വാങ്ങുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കേരളത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്ക് വേണ്ടി പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ വാങ്ങാൻ സംഭാവനപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്നും ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കുന്നു.
ഭക്തർ നൽകിയ പണമെടുത്ത് ഗുരുവായൂർ ദേവസ്വം സർക്കാർ ഖജനാവിലേക്ക് അഞ്ചു കോടി നൽകുമ്പോൾ ശബരിമലയിൽ ഭക്തരെ ദുരിതത്തിലാക്കുകയാണ് സർക്കാരെന്ന് ആരോപണമുയർന്നു. ആചാര ലംഘനത്തിനെതിരെ ഭക്തർ സമരം ചെയ്യുമ്പോൾ സർക്കാർ അതിനെ അടിച്ചമർത്തുകയും ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം മാനദണ്ഡങ്ങൾ പാലിക്കാതെ ക്ഷേത്രത്തിന്റെ പണം എടുത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.
Post Your Comments