KeralaLatest News

ശബരിമലയില്‍ തിങ്കളാഴ്ച നടതുറക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദു സംഘടനകള്‍

കോട്ടയം: ശബരിമലയില്‍ ചിത്തിരവിളക്കിനായി തിങ്കളാഴ്ച നടതുറക്കാനിരിക്കെ മുന്നറിയിപ്പുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നു . വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകളെയായിരുന്നു റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമസ്ഥാപനങ്ങള്‍ അയച്ചത്. ഇതേ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയും ചെയ്തു. പ്രത്യേക പൂജകള്‍ക്കായി ശബരിമലയില്‍ തിങ്കളാഴ്ചയാണ് നടതുറക്കുന്നത്.

വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട ശബരിമല കര്‍മ സമിതിയുടേതാണ് ഈ ആവശ്യം. 10നും 50 ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം രണ്ടാം തവണയാണ് ശബരിമലയില്‍ നടതുറക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ എതിര്‍ത്ത് സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രസ്തുത സംഘടനകളാണ്.

മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ജോലിയുടെ ഭാഗമായി 10നും 50 നും ഇടയില്‍ പ്രായമുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തിയാലും സ്ഥിതി വഷളാക്കുമെന്നും ഹിന്ദു സംഘടന കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോടതി വിധി വന്നതിന് ശേഷം കഴിഞ്ഞ മാസം പ്രതിമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെടുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.
ചിത്തിര ആട്ടവിശേഷം

ചിത്തിര ആട്ടവിശേഷത്തിന് വേണ്ടിയാണ് ശബരിമലയില്‍ തിങ്കളാഴ്ച നട തുറക്കുന്നത്. തിരുവിതാം കൂര്‍ രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലവര്‍മയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് തിങ്കളാഴ്ചത്തെ നടതുറക്കല്‍. തുടര്‍ന്ന് രാത്രി പത്തുമണിയോടെ നട അടയ്ക്കുകയും ചെയ്യും. പിന്നീട് മൂന്ന് മാസത്തോളം നീളുന്ന തീര്‍ത്ഥാടനത്തിനായി നവംബര്‍ 17 മുതല്‍ ശബരിമലയില്‍ നടതുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button