സന്നിധാനം : തുടര്‍ച്ചയായ അഞ്ചാം ദിവസവും അയ്യപ്പ ദര്‍ശനത്തിനായി യുവതികളുടെ ശ്രമം. ആന്ധ്രയിലെ ഏലൂരുവില്‍നിന്നുള്ള നാലു യുവതികളും കോട്ടയത്തുനിന്ന് ഒരാളുമാണ് ഇന്നു മല കയറാന്‍ ശ്രമിച്ചത്. ആന്ധ്രയില്‍നിന്ന് എത്തിയ സംഘത്തില്‍ നാലു യുവതികളുണ്ടായിരുന്നു. ഇവര്‍ മലകയറിയെങ്കിലും പാതിവഴിക്കു പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങുകയായിരുന്നു. സംഘത്തില്‍ മൂന്നു പേരെ ചെളിക്കുഴിയില്‍നിന്നു ഗുരുസ്വാമിമാരുടെ സംഘമാണു തിരിച്ചയച്ചത്. ഇവരില്‍ ഒരാള്‍ തല മറച്ചാണ് നീലിമല വരെയെത്തിയത്. എന്നാല്‍ അയ്യപ്പ കര്‍മ സമിതി പ്രതിഷേധവുമായി എത്തിയതോടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. അതേസമയം, ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട കോട്ടയം സ്വദേശി ബിന്ദു ടി. വാസുവിനെയും പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. ബിന്ദുവിനെ എരുമേലിയില്‍നിന്നു മുണ്ടക്കയത്താണ് ആദ്യം കൊണ്ടുപോയത്. അവിടെനിന്ന് പമ്പയിലേക്കു കൊണ്ടുപോകവെ വട്ടപ്പാറ എന്ന സ്ഥലത്തുവച്ച് എരുമേലിയില്‍നിന്ന് ഇവരെ പിന്തുടര്‍ന്ന പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തടഞ്ഞു. ഇപ്പോള്‍ തിരിച്ചു മുണ്ടക്കയത്തേക്കു ബിന്ദുവിനെ പൊലീസ് തന്നെ തിരികെ കൊണ്ടുവരികയാണ്.
അതിനിടെ, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്നതില്‍ നാളെ തീരുമാനമെടുക്കും. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയാണു കോടതിയെ സമീപിച്ചത്.
Post Your Comments