Latest NewsKerala

സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുന്നു : കേരളത്തില്‍ കളി മാറും

തിരുവനന്തപുരം: ശബരിമല വിഷയത്തോടെ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുകയാണ്. സ്ത്രീപ്രവേശന വിഷയത്തില്‍ ഇടതുസര്‍ക്കാറിന്റെ നിലപാടിനെതിരെ ഭൂരിഭാഗം ജനങ്ങളും രംഗത്തെത്തിയതാണ് ഇടതുസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

അതേസമയം ഇടതുസര്‍ക്കാറിനെതിരെ കോണ്‍ഗ്രസും ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ പക തീര്‍ക്കുകയാണെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. ഇതിന് ‘കനത്ത വില’ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കിയത് വരും കാലത്തെ നടപടികള്‍ സംബന്ധിച്ച മുന്നറിയിപ്പാണ്.

ഐ.ജി ദിനേന്ദ്ര കശ്യപ് ഉള്‍പ്പെടെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കേസെടുക്കാതിരുന്ന പരാതിയില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മുന്‍ നിര്‍ത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നേതാക്കളെ കുടുക്കുന്നത് ഒരു കാരണവശാലും അംഗീകരിച്ച് തരില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കള്‍.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസടക്കം സി.പി.എമ്മിന് ഹിതകരമായ കേസുകളില്‍ ശക്തമായ നടപടി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ഇപ്പോള്‍ സരിതയുടെ പരാതി മുന്‍നിര്‍ത്തിയുള്ള കേസെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് എ വിഭാഗം നേതാവ് വ്യക്തമാക്കി.രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുക തന്നെ ചെയ്യും.

സോളാര്‍ കേസിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇവിടുത്തെ പൊതു സമൂഹത്തിന് അറിയാം ശബരിമല വിവാദം കത്തി നില്‍ക്കുന്ന സമയത്ത് തന്നെ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രതിയാക്കിയത് ദുരുദ്യേശ പരമാണെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കി.

സി.പി.എം നേതാക്കളോട് ഇനി രാഷ്ട്രീയപരമായും വ്യക്തിപരമായും ഒരു ‘സഹകരണവും’ വേണ്ടെന്നാണ് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗത്തിന്റെ തീരുമാനം.

നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്ന നേതാക്കളും മക്കളും എല്ലാം ഉള്ള സി.പി.എമ്മിന് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചും കെ.സി വേണുഗോപാല്‍, മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ചും പീഢിപ്പിച്ചുവെന്നുമാണ് സരിതാനായരുടെ പരാതിയില്‍ പറയുന്നത്.

2012 ലെ ഹര്‍ത്താല്‍ ദിവസം ക്ലിഫ് ഹൗസില്‍ വച്ച് ബലാല്‍ത്സംഗം ചെയ്തുവെന്നതാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി. സരിതയുടെയും പ്രതികളുടെയും മൊഴി രേഖപ്പെടുത്തി തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഐ.ജി ദിനേന്ദ്ര കാശ്യപിനു പകരം അടുത്തയിടെ ഐ.പി.എസ് ലഭിച്ച ജൂനിയര്‍ എസ്.പി അബ്ദുള്‍ കരീമാണ് കേസന്വേഷിക്കുന്നത്. എ.ഡി.ജി.പി അനില്‍കാന്തിനാണ് മേല്‍നോട്ട ചുമതല.

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെയടക്കം സ്ത്രീപീഢന കേസില്‍ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച പിണറായി പൊലീസ് മുന്‍ മുഖ്യമന്ത്രിയെയും മുന്‍ മന്ത്രിമാരെയും തുറങ്കിലടക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button