വിദേശികള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന വിവാഹങ്ങളില്‍ പങ്കെടുക്കാനുളള അവസരം ഒരുക്കുകയാണ് ‘ജോയിന്‍ മൈ വെഡിങ്’ എന്ന സ്റ്റാര്‍ട്ടപ് കമ്പനി.‘ഇന്ത്യയിലെ വിവാഹങ്ങളില്‍ നിങ്ങള്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ഇന്ത്യയില്‍ പോയത്,’ എന്നത് അടക്കമുളള വാചകങ്ങളിലൂടെയാണ് കമ്പനി വിദേശികളെ തങ്ങളുടെ ആശയത്തിലേക്ക് ആകര്‍ഷിക്കുന്നത്.
വിവാഹം എന്നത് ഇന്ത്യയുടെ തന്നെ സംസ്കാരം വിളിച്ചോതുന്ന ചടങ്ങുകളാണ് അതിനാൽ തന്നെ വിദേശികളും ഇതിനോട് താത്പര്യം കാണിക്കുന്നുണ്ട്. ആദ്യപടിയായി കമ്പനിയുടെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. താത്പര്യമുളള വിദേശികള്‍ക്ക് ഏത് വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഓണ്‍ലൈന്‍ വഴി തിരഞ്ഞെടുക്കാം. ഇതിന്റെ ടിക്കറ്റിന്റെ തുക വിദേശികളില്‍ നിന്നും ഈടാക്കും.
ഈ തുകയില്‍ ഒരു പങ്ക് കമ്പനി എടുത്ത് നല്ലൊരു പങ്കും ദമ്പതികള്‍ക്ക് നല്‍കും. വിവാഹത്തില്‍ പങ്കെടുക്കുന്ന വിദേശികള്‍ ബഹുമാനിക്കേണ്ടുന്ന ആചാരങ്ങളും ധരിക്കേണ്ടുന്ന വസ്ത്രങ്ങളും മറ്റ് കാര്യങ്ങളും കമ്പനി ഉറപ്പാക്കും.കമ്പനിയുടെ ഈ ആശയത്തിലൂടെ പല രാജ്യങ്ങളില്‍ നിന്നുളളവരും ഇന്ത്യയിലെ വിവാഹങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
കമ്പനിയുടെ ആശയം വളരെ വിചിത്രമാണെന്ന് തോന്നാം. പക്ഷെ വളരെ ലളിതമായൊരു കാര്യമാണ് കമ്പനി നടത്തുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന ഇന്ത്യന്‍ ജോഡികള്‍ക്ക് തങ്ങളുടെ വിവാഹത്തില്‍ വിദേശികളെ പങ്കെടുപ്പിക്കാനായി ടിക്കറ്റ് നല്‍കാം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുളള ടിക്കറ്റ് വിദേശികള്‍ക്ക് നിശ്ചിത തുകയ്ക്കാണ് വില്‍ക്കുന്നത്. ഇന്ത്യയിലുളളതോ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതോ ആയ വിദേശികള്‍ക്ക് ഈ ടിക്കറ്റ് വാങ്ങി വിവാഹത്തില്‍ പങ്കെടുക്കാം.
Post Your Comments