ന്യൂഡല്‍ഹി: ലോകത്താകമാനം സംഭവിക്കുന്ന ഇന്റര്‍നെറ്റ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തെന്നും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പ്രതിസന്ധിയുണ്ടാകില്ലെന്നും ദേശീയ സൈബര്‍ സുരക്ഷ കോര്‍ഡിനേറ്റര്‍ ഗുല്‍ഷന്‍ രാജ് ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.
പതിവ് പരിശോധനകളുടെ ഭാഗമായുള്ള ഷട്ട് ഡൗണിനെത്തുടര്‍ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുമെന്ന് റഷ്യന്‍ മാദ്ധ്യമങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഡൊമയ്ന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്റ്റോഗ്രഫിക് കീ മാറ്റുന്നത് മൂലമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുന്നതെന്നും ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഒഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് (ഐകാന്‍) അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ആഘാതം ചെറുതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 99 ശതമാനം ഉപഭോക്താക്കളുടെയും സേവനങ്ങളെ ഇത് ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments