KeralaLatest News

നവകേരള ലോട്ടറി പ്രതിസന്ധിയില്‍; ലോട്ടറി വിലയും സാലറി ചലഞ്ചും സര്‍ക്കാരിന് തിരച്ചടിയാകുന്നു

നാട്ടിലാകെയുള്ള പിരിവും കുറഞ്ഞ സമ്മാനതുകയും കാരണം 250 രൂപ വിലയുള്ള നവകേരള ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ആളില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നവകേരള ലോട്ടറിക്കാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കാതെ തിരിച്ചടി കിട്ടിയിരിക്കുന്നത്. നാട്ടിലാകെയുള്ള പിരിവും കുറഞ്ഞ സമ്മാനതുകയും കാരണം 250 രൂപ വിലയുള്ള നവകേരള ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ആളില്ല. 90 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് 85 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകള്‍ പോലും വിറ്റുപോയിട്ടില്ല.ഒന്നാം സമ്മാനം വെറും ഒരു ലക്ഷം രൂപ മാത്രമുള്ള ടിക്കറ്റിന് 250 രൂപ വിലയിട്ടതാണു വില്‍പനയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്.

40 രൂപ വിലയുള്ള കാരുണ്യ ലോട്ടറിക്കു പോലും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. മാത്രമല്ല, 250 രൂപ തന്നെ വിലയുള്ള 10 കോടിയുടെ ഓണം ബംപര്‍ ടിക്കറ്റ് വിപണിയിലുണ്ടായിരുന്നപ്പോള്‍ നവകേരള ലോട്ടറി പുറത്തിറക്കിയതും തെറ്റായ തീരുമാനമായി. ഏജന്റുമാര്‍ നിസഹകരിച്ചതിനാല്‍ കുടുംബശ്രീ വഴിയാണു ടിക്കറ്റില്‍ നല്ലൊരു പങ്കും വിറ്റഴിഞ്ഞത്. ഏഴരക്കോടി രൂപയുടെ ടിക്കറ്റുകള്‍ കുടുംബശ്രീ മാത്രമായി വിറ്റു. ഒട്ടേറെ സംഘടനകളും മറ്റും ലോട്ടറി വില്‍പന ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നടന്നില്ല.

പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ബാങ്കുകള്‍ നല്‍കുന്ന ഒരു ലക്ഷം രൂപ വായ്പയുടെ പലിശ സര്‍ക്കാരാണ് നല്‍കുന്നത്. ഈ തുക കണ്ടെത്താനാണ് 250 രൂപ ടിക്കറ്റ് വിലയുള്ള നവകേരള ലോട്ടറി ഇറക്കിയത്. ഒരുലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും 5000 രൂപയുടെ ഒരുലക്ഷം രണ്ടാം സമ്മാനങ്ങളും വാഗ്ദാനം ചെയ്ത ലോട്ടറിക്ക് വിപണിയില്‍ കിട്ടിയത് തണുത്ത പ്രതികരണം. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 90 പേര്‍ക്കും 5000 രൂപയുടെ രണ്ടാം സമ്മാനം 1,00,800 പേര്‍ക്കും എന്നതായിരുന്നു നവകേരള ലോട്ടറിയുടെ ഘടന..മൂന്നാംതീയതി നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് 15ലേക്ക് നീട്ടി.

shortlink

Post Your Comments


Back to top button