തിരുവനന്തപുരം : കളിക്കാരനായും പിന്നീട് അതുല്യനായ കായിക സംഘാടകനായും മാറിയ കായിക കേരളത്തിന്റെ പിതാവായ ലെഫ്. കേണല്‍ ഗോദവര്‍മ്മരാജയുടെ ജന്മദിനത്തിലാണ് കേരളം കായികദിനം ആചരിക്കുന്നത്. സംസ്ഥാനസ്പോര്‍ട്സ് കൗണ്‍സില്‍, കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്, ലോണ്‍ ടെന്നീസ് അസോസിയേഷന്, കേരള ഫുട്ബാള്‍ അസോസിയേഷന്, അക്വാട്ടിക് അസോസിയേഷന് തുടങ്ങിയ കായിക സംഘടനകൾക്ക് തുടക്കമിട്ടത് ജി.വി. രാജയാണ്.
കോട്ടയത്തുനിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ, ഈരാറ്റുപേട്ടക്കടുത്തുള്ള കൊച്ചുഗ്രാമമായ പനച്ചികപ്പാറയിലെ പൂഞ്ഞാര്‍ കൊട്ടാരത്തില്‍ ജനിച്ച അദ്ദേഹം സുഖലോലുപത ഉപേക്ഷിച്ചാണ് കളിക്കളത്തിലേക്ക് ഇറങ്ങിയത്. ‘സ്പോര്‍ട്സിനോടുള്ള താല്പര്യം ജി.വി.രാജ അഞ്ചാം വയസ്സ് മുതലേ പ്രകടിപ്പിച്ചിരുന്നു. വൈകിട്ട് സ്കൂള്‍ വിട്ട ശേഷം തിരികെ വീട്ടിലെത്തിയാല്‍ കൊട്ടാരത്തിന് മുന്നിലുള്ള ചെറുമൈതാനമായ പടിക്കമുറ്റത്തേക്ക് അദ്ദേഹം പന്തുമായി ഇറങ്ങും. സ്പോര്‍ട്സില്‍ ചെറുപ്രായത്തില്‍ തന്നെയുള്ള അദ്ദേഹത്തിന്റെ താല്പര്യത്തിന് കൊട്ടാരത്തിലുള്ളവര്‍ പൂര്‍ണമായും പിന്തുണച്ചു”-സഹോദരനെപ്പറ്റി പൂഞ്ഞാര്‍ രാജവംശത്തിലെ ഇപ്പോഴത്തെ വലിയരാജാ പി.രാമവര്‍മ്മരാജ പറഞ്ഞ വാക്കുകളാണിത്.
അഖിലേന്ത്യ ലോണ്‍ ടെന്നീസ് അസോസിയേഷന് പ്രസിഡന്റ്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രാള് ബോര്‍ഡ് വൈസ് പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച ആദ്യ മലയാളിയാണ് ഇദ്ദേഹം.
Post Your Comments