കറ്റാനം: മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തി ജനലിൽ കെട്ടിത്തൂക്കിയ കേസിൽ അറസ്റ്റിലാകുംമുൻപ്, മോഷ്ടിച്ച പണം കൊണ്ടു പുതിയ മൊബൈൽ ഫോൺ വാങ്ങി പ്രതി കറങ്ങി നടന്നു. വീട്ടമ്മയെ എത്തിച്ച ആശുപത്രിയിൽ സന്ദർശകനായും എത്തി.
കറ്റാനം കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (48) 22നു കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വെട്ടിക്കോട് മുകുളയ്യത്ത് പുത്തൻവീട്ടിൽ ജെറിൻ രാജുവിനെ (19) കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തുളസിയുടെ വീട്ടിൽ നിന്നു പണം മോഷ്ടിച്ചതിന്റെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
തുളസിയുടെ മകന്റെ കൂട്ടുകാരനായ ജെറിൻ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ തുളസിയുടെ വീട്ടിൽ എത്തി. ഇവിടെ നിന്നു ഭക്ഷണം കഴിച്ചു മടങ്ങിയ ശേഷം പരിസരത്തു തന്നെ മണിക്കൂറുകളോളം തങ്ങി. വീട്ടിൽ ആരുമില്ലാത്തപ്പോൾ മടങ്ങിയെത്തി താക്കോൽ കൈക്കലാക്കി അലമാരയിൽ നിന്നു 10,800 രൂപ മോഷ്ടിച്ചു. ഇതു കണ്ടു കൊണ്ടു വന്ന തുളസി മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ വീണു തലയ്ക്കു പരുക്കേറ്റു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സാരി ഉപയോഗിച്ചു ജനലിൽ കെട്ടിത്തൂക്കുകയായിരുന്നു. അടുക്കളയിൽ നിന്നു മുളകു പൊടിയെടുത്തു വിതറിയ ശേഷം മടങ്ങിയ ജെറിൻ, ചാരുംമൂട്ടിൽ നിന്നു പുതിയ മൊബൈൽ ഫോണും ബിരിയാണിയും വാങ്ങി വീട്ടിൽ തിരികെയെത്തി.
തുളസിയെ എത്തിച്ച കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ജെറിനെ കസ്റ്റഡിയിലെടുത്തത്.
Post Your Comments