ചെറുതോണി: കാലവര്‍ഷം കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് സമുദ്ര നിരപ്പില്‍ നിന്നും 2398.20 അടിയിലെത്തി. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പരീക്ഷണ തുറക്കല്‍ (ട്രയല്‍ റണ്‍) നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.
ഇതിനായുള്ള ഒരുക്കങ്ങളെല്ലാം ഇടുക്കി, എറണാകുളം ജില്ലാ അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്.അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.80 അടിയായി. അതിനിടെ ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയതിനെത്തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് തുറന്നത്. പെരിയാറില്‍ ഒന്നരമീറ്റര്‍വരെ ജലനിരപ്പുയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുക.
ഇന്ന് രാവിലെ അഞ്ചു മണിക്ക് നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ നേരംകൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടമലയാര്‍ അണക്കെട്ടു തുറക്കുന്ന പശ്ചാത്തലത്തില്‍ 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍ സാഹചര്യം വിലയിരുത്തി മാത്രം നടത്തിയാല്‍ മതിയെന്നും ദുരന്ത നിവാരണ അഥോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.
പൊതുജനങ്ങളെ അറിയിച്ചു മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളു എന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചിട്ടുണ്ട്.
Post Your Comments