ന്യൂഡല്‍ഹി: ആകാശത്ത് കാഴ്ചകളുടെ വിരുന്നൊരുക്കി ചന്ദ്രഗ്രഹണം ദൃശ്യമായി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദീര്‍ഘമായ ബ്ലഡ് മൂണ്‍ പ്രതിഭാസമാണ് ദൃശ്യമായത്. ഒരു മണിക്കൂര്‍ 48 മിനിറ്റ് രക്തചന്ദ്രന്‍ ആകാശത്ത് നിറഞ്ഞുനിന്നു. രാത്രി ഏകദേശം 10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായത്. 11.45 മുതല്‍ ചന്ദ്രനില്‍ മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമായി. പിന്നാലെ സമ്പൂര്‍ണ ഗ്രഹണവും ദൃശ്യമായി. പൂര്ണഗ്രഹണവേളയില് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ എത്തിയ പ്രകാശരശ്മികള്‍ ചന്ദ്ര മണ്ഡലത്തെ നിറമുള്ളതാക്കി മാറ്റി.
കേരളത്തില്‍ രാത്രി 11.52 മുതല്‍ ആരംഭിച്ച ഗ്രഹണം പുലര്‍ച്ച 3.49 വരെ നിന്നു.ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ബ്ലഡ് മൂണ്‍ കാഴ്ചയായി. ചന്ദ്രഗ്രഹണം നിഴലിന്റെ നാടകം മാത്രമായതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ടാണ് പലരും ഗ്രഹണം കണ്ടത്. കാഴ്ചക്കാരന്റെ കണ്ണിന് തകരാറുണ്ടാക്കും വിധം ശക്തിയേറിയതല്ലായിരുന്നു ചന്ദ്രന്റെ പ്രകാശം. അതിനാല്‍ ചന്ദ്രഗ്രഹണം കാണുന്നതിനു പ്രത്യേക സുരക്ഷാ സംവിധാനങ്ങളോ, ഗ്ലാസുകളോ ആവശ്യമില്ലായിരുന്നു.ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ അരങ്ങേറിയ ഗ്രഹണം സൂപ്പര്‍ മൂണ്‍ ഗ്രഹണമായിരുന്നു.
അന്നത്തെ പൗര്‍ണമിച്ചന്ദ്രന്‍ താരതമ്യേന വലുതായിരുന്നു. എന്നാല്‍ ഈ ചന്ദ്രന് താരതമ്യേന ചെറുതാണ്. അതുകൊണ്ട് ഇതൊരു ‘മിനിമൂണ്ഗ്രഹണ’മാണ്.ഓഗസ്റ്റ് 11-ന് ഒരു ഭാഗിക സൂര്യഗ്രഹണം ഉണ്ടെങ്കിലും വടക്കുപടിഞ്ഞാറന്‍ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേ കാണാനാവൂ. അടുത്ത ജനുവരി അഞ്ചിലെ ഭാഗിക സൂര്യഗ്രഹണവും ഇന്ത്യയില്‍ കാണില്ല.
Post Your Comments