തോമസ് ചെറിയാന്.കെ
പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്തെ പലതവണ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്ന പകര്‍ച്ച പനികള്‍ തന്നെയാണ് ഇതില്‍ ഭൂരിഭാഗവും. വൈറല്‍ പനിയില്‍ തുടങ്ങുന്നു ഇതിന്റെ പട്ടിക. അടുത്തിടെ കോഴിക്കോട് കണ്ടെത്തിയ നിപ്പ എന്ന മാരകമായ വൈറസാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയിലെ പ്രധാന വിഷയം. മെയ് 29 മുതല്‍ സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു കഴിഞ്ഞു. അതിന് ആഴ്ച്ചകള്‍ക്ക് മുന്‍പ് തന്നെ നിപ്പയെന്ന വിപത്ത് പടരുകയും മരണ സംഖ്യ ഉയര്‍ന്ന് വരികയും ചെയ്യുന്നു. എന്താണ് ഇതിനു കാരണം എന്ന് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാല പൂര്‍വ്വ പ്രതിരോധം എത്രമാത്രം ശക്തമാകുന്നു എന്നും നമ്മള് ചിന്തിക്കേണ്ടതുണ്ട്.
ശക്തമായ വേനലിന് ശേഷം പ്രകൃതി തന്നെ മഴയുടെ വരവിനെ സ്വീകരിക്കാന്‍ തയാറാകുമ്പോള്‍ പ്രകൃതിയുടെ ആ മാറ്റം മാതൃകയാക്കി രോഗപ്രതിരോധം എന്ന കവചം നാമും ധരിക്കേണ്ടതല്ലേ. ഒരോ വ്യക്തിയും കുടുംബവും തുടങ്ങി സംസ്ഥാനത്തെ ഭരണചക്രം വരെ ഇതിനായി ഒന്നിക്കേണ്ടതല്ലേ ?. പ്രശ്നം ഉണ്ടായ ശേഷം പരിഹാരം എന്നതിനേക്കാള്‍ പ്രശ്നമുണ്ടാകാതെ പ്രതിരോധിക്കുന്നതല്ലേ നല്ലത്. മഴക്കാല പൂര്‍വമായി മാത്രം മതിയോ ശുചീകരണം ? . അത് ഏത് സമയവും കൃത്യമായി നടത്തേണ്ട ഒന്നല്ലേ. ?
ശുചിത്വം മാത്രമല്ല ആരോഗ്യപരിപാലത്തിന് ഏതൊക്കെ രീതിയില്‍ പ്രതിരോധം തീര്‍ക്കാമോ അത്രയും മികച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങണം. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, പക്ഷിപ്പനി തുടങ്ങി നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തിയ ഒട്ടേറെ സംഭവങ്ങള്‍ക്ക് മുന്‍പും നാം സാക്ഷികളായിട്ടുള്ളതാണ്. രോഗം വന്ന ശേഷം ചികിത്സ എന്നതല്ലാതെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടി കണ്ട് മികച്ച പ്രതിരോധം തീര്‍ക്കുവാന്‍ നാമോ നമ്മെ ഭരിക്കുന്ന സര്‍ക്കാരോ ഇതു വരെ ശ്രമിച്ചിട്ടുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. നിപ്പയെന്ന വിപത്ത് നമ്മുടെ നാടിനെ ബാധിച്ച് ഭീതികരമായ നിമിഷങ്ങളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മരണസംഖ്യയില്‍ മാറ്റം വരുമ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രീയമായി അറിഞ്ഞു വരുന്നതേയുള്ളു. ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് പോലും നാം ഡല്‍ഹി, പൂനെ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദഗ്ധ പരിശോധനാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ടെന്നത് നാം ആരോഗ്യ രംഗത്തും കൃത്യമായ പുരോഗതി കൈവരിച്ചിട്ടില്ല എന്നതിന് ഉദാഹരണമല്ലേ ? കൃത്യമായ ചിട്ട ഇല്ലാത്തതല്ലേ നമ്മുടെ ഈ പ്രശ്നങ്ങള്‍ക്കുള്ള കാരണം. ലോകത്തിന്റെ വിവിധ കോണുകളില്‍ വല്ലപ്പോഴും മാത്രം രേഖപ്പെടുത്തിയിട്ടുള്ള മാരക രോഗങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലേക്ക് കടന്നു വരുന്നു എന്നുള്ളത് ശക്തമായ പരിശോധനകളും പ്രതിരോധ രീതിയും നടപ്പിലാക്കാന്‍ നമ്മുടെ ഭരണത്തിനു സാധിച്ചിട്ടില്ല എന്നതിന് പ്രധാന തെളിവല്ലേ ?
ഇവിടെ വേണ്ടത് രോഗം വന്നാല്‍ നടത്തുന്ന ചികിത്സ മാത്രമല്ല, ഇത് വരാതെ നോക്കാന്‍ താഴെ തട്ടില്‍ നിന്നുമുളള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. വീട്ടില്‍ നിന്നുമാകട്ടെ ഇതിനു തുടക്കം. നാം ഓരോരുത്തരുടെയും ശുചിത്വം, വീട്ടുവളപ്പ് എന്നിവയില്‍ നമുക്ക് തുടങ്ങാം. പൊതു സ്ഥലങ്ങളും നമുക്ക് ശുചിത്വപൂര്‍വ്വം സംരക്ഷിക്കാന്‍ ശ്രമിക്കാം. ഇത് താല്കാലികമായൊരു കാട്ടിക്കൂട്ടല് ആകരുത്. ജീവിത ചര്യയായി മാറണം. ഇത് ഒരു തുടര്‍ച്ചയായാല്‍ മാത്രമേ നമ്മുടെ നാടിനെ വിപത്തുകളില്‍ നിന്നും രക്ഷിയ്ക്കാന്‍ സാധിക്കൂ. ശുചീകരണം തന്നെയാണ് ഏറ്റവും നല്ല പ്രതരോധം. ഡെങ്കിപനിയെന്ന മഹാവിപത്ത് നമ്മുടെ നാടിനെ പിടിച്ചടക്കിയ സമയമാണ് ചിരട്ടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം വരെ ഒഴുക്കിക്കളയണമെന്ന ചിന്ത നമ്മിലേക്ക് വന്നത്. ഇത് ഇനി പാടില്ല.
ആരോഗ്യ സരക്ഷണത്തിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ നാം നമുക്ക് കഴിയും വിധം കൃത്യമായി കാര്യങ്ങള്‍ ചെയ്തില്ല എന്നുണ്ടെങ്കില്‍ ഫലം വിപരീതമാകുമെന്ന് ഉറപ്പ്. അതുകൊണ്ട് ഇന്നു മുതല്‍ തന്നെ പ്രതിരോധമെന്ന കവചം നാം ധരിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം. അതു വഴി നമുക്ക് ആരോഗ്യകരമായ അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന് ഉറപ്പ്. നിപ്പയെന്ന വൈറസിന്റെ വ്യാപനം കുറയട്ടെ എന്ന് പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനൊപ്പം അത്തരത്തില്‍ ഒരു വിപത്ത് ഇനിയൊരിക്കലും ഉണ്ടാകാത്ത വിധം നമുക്ക് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാം.
Post Your Comments