Latest NewsArticleKeralaEditor's Choice

നിപ്പ തളര്‍ത്തുമോ കേരളത്തെ : ഈ മുന്‍കരുതലുകള്‍ പരിഹാരമാകുമോ?

തോമസ്‌ ചെറിയാന്‍ കെ

കേരളം ഇപ്പോള്‍ ഭീതിയോടെ കേള്‍ക്കുന്ന പേരാണ് നിപ്പ. അപകടകാരിയായ വൈറസ് നമ്മുടെ ജനങ്ങളെ ബാധിച്ചോ എന്ന പേടി മലയാളികള്‍ക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. അതുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന മരണ സംഖ്യയും ഉയരുകയാണ്. ഇപ്പോഴും മിക്കവര്‍ക്കും ഇത് എന്താണെന്ന് വ്യക്തതയും ലഭിച്ചിട്ടില്ല. എന്താണ് ഈ വൈറസ് ഇത് എങ്ങനെ ശരീരത്തില്‍ കടക്കും , എപ്രകാരമാണ് ഇത് ശരീരത്തെ നശിപ്പിക്കുന്നത്, കൃത്യമായ ചികിത്സയുണ്ടോ തുടങ്ങി നൂറു ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ആദ്യമായി തന്നെ ഭീതീയുടെ അംശം ഏവരും തുടച്ചു നീക്കണം എന്ന് തന്നെയാണ് സര്‍ക്കാരും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത്.

ഇപ്പോള്‍ കോഴിക്കോട് വ്യാപിക്കുന്നു എന്ന് പറയപ്പെടുന്ന നിപ്പ എന്ന മാരക വൈറസിന്‌റെ ആക്രമണം മുന്‍പും രേഖപ്പെടുത്തിയിട്ടുണ്ട്, ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍. 1999 കാലയളവിലാണ് നിപ്പയെന്ന പേര് ആദ്യമായി ലോകം ശ്രദ്ധിക്കുന്നത്. മലേഷ്യ, ബംഗ്ലാദേശ് എന്നി സ്ഥലങ്ങളിലാണ് ചുരുക്കം മാസങ്ങള്‍ക്ക് മുന്‍പ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പഴങ്ങള്‍ കഴിയ്ക്കുന്ന വവ്വാലുകളാണ് ഇത് പരത്തുന്നതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലെ ശാസ്ത്രിയ വശങ്ങള്‍ ഇപ്പോഴും പൂര്‍ണമായും പുറത്ത് വന്നിട്ടില്ല. അഥവാ രോഗബാധ വവ്വാലുകളില്‍ നിന്നാണെങ്കില്‍ 50 കിലോമീറ്ററിനപ്പുറം ഇവയ്ക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്ന സത്യവും നാം മനസിലാക്കണം. ഇന്ത്യയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ മാത്രം രേഖപ്പെടുത്തിയ ഈ വൈറസ് കേരളത്തില്‍ എത്തണമെങ്കില്‍ അത് മറ്റ് വഴിയിലൂടെയാണെന്ന് ഇതിലൂടെ വ്യക്തം.

അടുത്തിടെ എച്ച് വണ്‍ എന്‍ വണ്‍ ഉള്‍പ്പടെയുള്ള പകര്‍ച്ചപനികള്‍ കേരള സമൂഹത്തെ ഞെട്ടിച്ചിരുന്നു. മരണനിരക്കും ഇവയില്‍ ഉണ്ടായി. എന്നാല്‍ ഇത് അധികം വ്യാപിച്ചില്ല. മഴക്കാലത്തിന്‌റെ ലക്ഷണങ്ങള്‍ ആരംഭിക്കുകയും വേനലിന്‌റെ കാഠിന്യം കുറയുകയും ചെയുന്ന സമയത്താണ് പകര്‍ച്ചപ്പനികള്‍ വ്യാപിക്കുന്നതെന്ന് വ്യക്തമായ സംഗതിയാണ്. അപ്പോള്‍ ഇക്കാലത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ കൃത്യമായി സ്വീകരിച്ചിരുന്നോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മുന്‍പ് ഉണ്ടായ വീഴ്ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതല്ലെ ഭരണകൂടം. ഈ ചോദ്യങ്ങളാണ് ഇപ്പോള്‍ ജനങ്ങളില്‍ നിന്നും ഉയരുന്നത്, കൂടാതെ നിപ്പ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുമോ എന്നും ചോദ്യമുയരുന്നു. വൈറസ് സഞ്ചാര മാര്‍ഗം പടരുന്നതിനാല്‍ യാത്രക്കാരുള്‍പ്പടെയുള്ളവര്‍ക്ക് കൃത്യമായ വൈദ്യ പരിശോധന നടത്തേണ്ടത് അനിവാര്യമല്ലേ. സാര്‍സ് എന്ന മാരക രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ മിക്ക രാജ്യങ്ങളും കൃത്യമായ ആരോഗ്യ പരിശോധന യാത്രക്കാരില്‍ നടത്തിയെന്നതും നാം മറക്കരുത്.

ആശുപത്രികളില്‍ ഇപ്പോള്‍ ഇതിനെതിരെ മുന്‍കരുതലുകളും മറ്റും എടുത്തു വരുന്നുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരമാണ് ഇവ. എന്നാല്‍ ഇത് എത്രത്തോളം ഫലവത്താകുമെന്ന് കണ്ടു തന്നെ അറിയണം. പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ചികിത്സ തേടാന്‍ മറക്കരുത്. ആശുപത്രികളില്‍ നിന്നും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിയ്ക്കണം. കേരളത്തില്‍ ഇപ്പോഴും വൈറസ് ആക്രമണം പോലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താനുളള വിദഗ്ധ സൗകര്യങ്ങളില്ല. ഡല്‍ഹി, പുനെ, മണിപ്പാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തന്നെയാണ് ഇന്നും ഇത്തരം വിദഗ്ധ പരിശോധനകള്‍ക്കായി കേരളം ആശ്രയിക്കുന്നത്. നിലവില്‍ വൈറസ് ബാധ എത്രത്തോളം ആണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍.

ഒരു പക്ഷേ വൈറസ് വന്നത് ഏത് ശ്രോതസില്‍ നിന്നാണെന്ന് മനസിലാക്കാന്‍ സാധിച്ചാല്‍ തന്നെ പരിഹാരമാര്‍ഗങ്ങള്‍ വേഗത്തിലാക്കാം. അതിനിടെ വവ്വാലുകളില്‍ നിന്ന് പടര്‍ന്നതാണ് വൈറസെന്നും വവ്വാലുകളെ കൊന്നൊടുക്കണമെന്നുമുള്ള സന്ദേശങ്ങള്‍ സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വാസ്തവമെന്തെന്നറിയാതെ ഇത്തരം കിംവദന്തികള്‍ക്ക് ചെവികൊടുക്കരുത്. അത് നഷ്ടം മാത്രം വരുത്തുമെന്ന് ഓര്‍ക്കുക. നിപ്പയെന്ന വിപത്ത് നമ്മുടെ നാടിനെ ബാധിക്കരുതെന്ന് ദൈവത്തോട് അപേക്ഷിക്കുന്നതിനൊപ്പം ശുചിത്വ പൂര്‍ണമായ രീതിയിലുളള പ്രതിരോധത്തിനായും നമുക്ക് ശ്രമിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button