KeralaLatest News

അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരക്കുന്ന പോലീസ് മുറയും മൂന്നാം മുറയും: വിദേശ വനിതയ്ക്ക് നീതി ലഭിക്കുവാന്‍ ഒപ്പം നിന്ന് രാജ്യത്തിന്‍റെ മാനം പോലും രക്ഷിച്ചത് തെറ്റോ?

അഞ്ജു പാര്‍വതി പ്രഭീഷ്

ലിഗയുടെ മരണവും ജ്വാലയെന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു,
താത്വികമായ വിശകലനങ്ങളും അവലോകനങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും രാഷ്ട്രീയ അണിയറകളിൽ ചൂടൻ ചർച്ചകൾക്ക് വഴിമാറുമ്പോൾ യാഥാർത്ഥ്യമറിയാതെ പകച്ചു നിന്നുപോകുന്നത് ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയിലെ അണികളോ അനുയായികളോ അനുഭാവികളോ അല്ലാത്ത നിഷ്പക്ഷമതികളായ വലിയൊരു ശതമാനം സാധാരണ ജനങ്ങളാണ്.

തിരുവനന്തപുരത്തെ സന്ദീപനി സ്ക്കൂളിൽ അദ്ധ്യാപികയായിരുന്ന വേളയിൽ അവിടുത്തെ ഇന്റർ ഡിസിപ്ലിനറി പാഠ്യപദ്ധതിയുടെ ഭാഗമായി വിഷയങ്ങളെ ലിങ്ക് ചെയ്തു പഠിപ്പിക്കുമായിരുന്നു. അങ്ങനെയൊരിക്കൽ സാമൂഹ്യ പ്രവർത്തകരെ കുറിച്ചുളള സോഷ്യൽ സയൻസ് വിഷയവും ഇംഗ്ലീഷിലെ ” Charity begins at home ” എന്ന പ്രൊവേർബും ചേർത്തൊരു ആക്ടിവിറ്റി ആറാം ക്ളാസ്സിലെ കുഞ്ഞുങ്ങൾക്കു കൊടുത്തു. അന്ന് നാലോ അതിലധികമോ കുട്ടികൾ എഴുതിയത് “അശ്വതി ” എന്ന മുട്ടത്തറയിലെ ഒരു സാധാരണ പെൺകുട്ടിയെ കുറിച്ചായിരുന്നു.അതിലെന്നെ ഏറ്റവും ആകർഷിച്ചത് നിത്യയെന്ന Nitya Bergstrand കൊച്ചുപെൺകുട്ടി നല്കിയ തലക്കെട്ടായിരുന്നു.”Charity begins at heart”. അതെ! ആ തലക്കെട്ട് പോലെ സേവനം തുടങ്ങേണ്ടത് ഹൃദയത്തിൽ നിന്നാകണം.. ഒൻപതു- പത്തു വർഷം മുമ്പ് നടന്ന സംഭവമാണിത്. അന്ന് ഫേസ്ബുക്കോ മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളോ ഇത്രമേൽ സജീവമല്ലായിരുന്നു.അശ്വതി നായർ “അശ്വതി ജ്വാല”യായി മാറിയിട്ടില്ലായിരുന്നു. കാരണം ജ്വാല ഫൗണ്ടേഷൻ അന്നു തുടങ്ങിയിട്ടില്ല. എന്നിരുന്നാൽ പോലും തിരുവനന്തപുരം നഗരത്തിലെ കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും ചിരപരിചിതയായിരുന്നു മെലിഞ്ഞ, ചുരുണ്ട മുടിയുളള വെളിച്ചം വിതറുന്ന ചിരിയുളള ആ പെൺകുട്ടിയെ. അവൾ ഹൃദയം കൊണ്ടാണ് ആലംബഹീനരെ സ്നേഹിച്ചതും അവർക്കായി പ്രവൃത്തിച്ചതും..

മുട്ടത്തറയിലുളള തന്റെ ചെറിയ വീട്ടിൽ നിന്നും ,അമ്മ വിജയലക്ഷ്മി പൊതിഞ്ഞുകൊടുക്കുന്ന പൊതിച്ചോറുകളുമായി ഒരു പഴഞ്ചൻ ആക്ടീവയിൽ പൊരിവെയിലത്തും പെരുമഴയിലും തെരുവോരങ്ങളിൽ കറങ്ങി, തന്നെ കാത്തിരിക്കുന്ന ഒഴിഞ്ഞ വയറുകൾക്ക് ഒരു നേരത്തെ അന്നമൂട്ടിയിരുന്ന ആ മെലിഞ്ഞ പെൺകുട്ടി നഗരവാസികൾക്ക് ഒരത്ഭുതമായിരുന്നു.. വായിൽ വെളളിക്കരണ്ടിയുമായി ജനിച്ചവളല്ലായിരുന്നു അവൾ. വീട്ടുജോലിക്ക് പോയിരുന്ന അവളുടെ അമ്മ പകർച്ചയായി കൊണ്ടു വന്നിരുന്ന അന്നം മൂന്നു വയറുകൾക്ക് നിറയാനും വേണ്ടിയില്ലാതിരുന്നതുക്കൊണ്ടു തന്നെ വിശപ്പിന്റെ വില മറ്റാരെക്കാളും നന്നായി അവൾക്കറിയാമായിരുന്നു. പിന്നീട് അവളുടെ പ്രവൃത്തി കണ്ടറിഞ്ഞ് ആദരവ് തോന്നിയ നാട്ടുകാരും ലോ അക്കാദമിയിലെ അദ്ധ്യാപകരും സഹപാഠികളും ആ നന്മയ്ക്ക് പിന്തുണ നല്കാൻ തുടങ്ങിയപ്പോൾ, അവൾ തന്റെ സേവനം തെരുവോരങ്ങളിലെ ആലംബഹീനരുടെ പുനരധിവാസത്തിലേക്കു കൂടി വ്യാപിപ്പിച്ചു.. ഇങ്ങനെയായിരുന്നു നന്മയുടെ കൈത്തിരി വെളിച്ചത്തിൽ നിന്നും അവൾ തിളങ്ങുന്ന ജ്വാലയായി മാറിയത്.

ആത്മവിശ്വാസത്തിന്റെ പാഠപുസ്തകമായ ഈ പെൺകുട്ടി കട്ടോ, കൊളളയടിച്ചോ അല്ല സാമൂഹ്യസേവനത്തിനിറങ്ങിയത്.പണക്കെട്ടുകൾ കണ്ടു കണ്ണുമഞ്ഞളിക്കുമ്പോൾ പത്മശ്രീ കൂടി ഇരിക്കട്ടെയെന്നു കരുതി പാവപ്പെട്ടവർക്ക് അഞ്ചോ പത്തോ കൊടുത്ത് ആളാവുന്ന പ്രാഞ്ചിയേട്ടന്മാരുടെ നാട്ടിൽ, പ്രതിസന്ധികളുടെ കൂരിരുട്ടിനെയും വറുതിയുടെ കടലാഴങ്ങളെയും താണ്ടിയാണ് ഇവൾ ഇവിടെ വരെയെത്തിയത്. കായൽ ഭൂമി കയ്യേറുകയോ, പാർട്ടിയെ കൊഴുപ്പിക്കാൻ പാവപ്പെട്ടവരുടെ അദ്ധ്വാനം പോലും പിഴിഞ്ഞ് ബക്കറ്റ് പിരിവോ ഇവൾ നടത്തിയിട്ടില്ല.. അതുകൊണ്ടു തന്നെ ഇവൾക്കൊപ്പം വിശപ്പിന്റെ വിലയറിഞ്ഞ, സേവനത്തിന്റെ മൂല്യമറിഞ്ഞ സമൂഹം ഒറ്റക്കെട്ടായി ഉണ്ടാകും. ഇതുപോലുളള നന്മ മരങ്ങളിൽ ചിലരെങ്കിലും കടയറ്റു പോകാതെ അവശേഷിക്കുന്നത് കൊണ്ടാണ് ഈ ഭൂമിയിൽ അല്പമെങ്കിലും ശേഷിച്ചിട്ടുളള നന്മ മുഴുവനായി നശിച്ചുപോകാത്തത്.

ഇന്നലെ വരെ സമൂഹത്തിൽ അഭിമതയായൊരു പെൺകുട്ടികുട്ടി ഒരു രാവ് ഇരുട്ടി വെളുത്തപ്പോഴേക്കും അനഭിമതയും തട്ടിപ്പുകാരിയുമായി മാറിയിരിക്കുന്നു അഥവാ ചിത്രീകരിച്ചിരിക്കുന്നു.. ഇനിയവളുടെ കുടുംബത്തിന്റെ, സ്വഭാവത്തിന്റെ, അവളുടെ സ്വത്വത്തിന്റെയാകമാനം ഇഴകീറി പരിശോധിക്കപ്പെടുംവരെ സൈബർ പോരാളികൾക്ക് വിശ്രമമില്ല തന്നെ.. പ്രത്യയശാസ്ത്രത്തിന്റെ ചുവപ്പൻ കണ്ണടയിലൂടെ നോക്കിയപ്പോൾ, തത്വസംഹിതകളുടെ തുലാസ്സിൽ വച്ചളന്നപ്പോൾ അവൾ കുറ്റവാളിയായി.. ഇന്നലെ വരെയും നിയമസഭയ്ക്ക് തൊട്ടരികെയുളള മുളവനയിലെ ജ്വാല ഓഫിസിനെ കുറിച്ചും അവിടുത്തെ നടത്തിപ്പിനെയും കുറിച്ച് യാതൊരു വിധ ആക്ഷേപമില്ലായിരുന്നു. നീതി നിഷേധത്തിന്റെ പിന്നാമ്പുറക്കഥകൾ ഉറക്കെപ്പറഞ്ഞപ്പോൾ ജ്വാലയും അശ്വതിയും കണ്ണിലെ കരടായി..

ശരിയാണ്! അവൾ കല്ലെറിയത്തക്കവണ്ണം പാപം ചെയ്തിരിക്കുന്നു.. അവൾ ഭരണകൂടത്തിന്റെ നെറികേടിനെതിരെ, നിയമപാലകരുടെ നീതി നിഷേധത്തിനെതിരെ ഉച്ചത്തിൽ ശക്തമായി പ്രതികരിച്ചു പോയി. പാടില്ലായിരുന്നു!! അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും അധികാരത്തിന്റെ ചുവപ്പുകൊത്തളങ്ങളിൽ സ്ഥാനമില്ലെന്ന് അവൾ അറിയണമായിരുന്നു.. കണ്ണൂരിലെ ചിത്രലേഖയെയും ഒഞ്ചിയത്തെ രമയെയും അവർ നേരിടുന്ന ,അഥവാ നേരിട്ട പ്രശ്നങ്ങളെയും കുറിച്ച് മനസ്സിലാക്കണമായിരുന്നു.. മകൻ നഷ്ടപ്പെട്ട ഒരമ്മയെ തെരുവിൽ വലിച്ചിഴച്ച കാടത്തത്തെ കുറിച്ചും ഓർക്കണമായിരുന്നു. അവരെന്നേ അങ്ങനെയായിരുന്നു.. സഹിഷ്ണുത വാക്കിലും അസഹിഷ്ണുത പ്രവൃത്തിയിലും കാട്ടുന്നവരായിരുന്നു.. പ്രത്യയശാസ്ത്രത്തിനു മുന്നിൽ സൗഹൃദവും ബന്ധവും മറക്കുന്നവരായിരുന്നു..

ilze press meetകണ്മുന്നിലെ നീതിനിഷേധം കണ്ടില്ലെന്നു നടിച്ചുക്കൊണ്ട് ഉത്തരേന്ത്യയെയും ഗുജറാത്തിനെയും ഫോക്കസ് ചെയ്തുക്കൊണ്ട് എത്രനാള്‍ ഭരിക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിയും ?? വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം നോക്കി ഭരിക്കുന്ന ഒരു സര്‍ക്കാരിനു,കുത്തക മുതലാളിമാര്‍ക്ക് മാത്രം നീതി ലഭ്യമാക്കുന്ന ഈ നാട്ടില്‍ ജനാധിപത്യത്തിന് എന്ത് വിലയാണ് ഉള്ളത് ?? അമ്പത്തൊന്നു വെട്ടുകള്‍ കൊണ്ട് ഒരു കുലംകുത്തിയെ നിശബ്ദമാക്കിയ പ്രസ്ഥാനത്തിന് ചോദ്യം ചെയ്യുന്നവരെയും പ്രതികരിക്കുന്നവരെയും നിശബ്ദരാക്കാൻ എളുപ്പം കഴിയുമായിരിക്കും അല്ലേ??എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു മന്ത്രിസഭ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനം എന്താണ് ഇവിടെ ശരിപ്പെടുത്തിയത് ??എന്തായിരുന്നു ആ ശരിയാക്കലിന്റെ യഥാര്‍ത്ഥ അര്‍ഥം ??പാവപ്പെട്ടവന്റെ അവകാശങ്ങളെ കശാപ്പു ചെയ്തുകൊണ്ട് പണക്കാരന്റെ ധാര്‍ഷ്ട്യം നടപ്പിലാക്കുന്നതായിരുന്നോ ആ ശരിയാക്കല്‍ ??സ്ത്രീസുരക്ഷ ഘോരം ഘോരം പ്രസംഗിച്ചപ്പോഴും മഹിജയെയും ചിത്രലേഖയെയും രമയെയും പ്രമീളയെയുമൊക്കെ തേജോവധം ചെയ്തു. ഇപ്പോൾ സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ച ഒരു പെൺകുട്ടിയെയും.. ഈ പ്രതിഷേധജ്വാല ആളിപ്പടർന്നാൽ, പ്രതികരിക്കാൻ വെമ്പുന്നവർ അണി ചേർന്ന് അതൊരു അഗ്നികുണ്ഡമായി മാറിയാൽ കാലഹരണപ്പെട്ട തത്വസംഹിതകളെയും പ്രത്യയശാസ്ത്രത്തെയും ഈ ഭൂമുഖത്തു നിന്നും വേരോടെ തുടച്ചുമാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button