അഗളി: അന്തര്‍ സംസ്ഥാന നദീജല കരാറുകളെല്ലാം കാറ്റില്‍പ്പറത്തി കേരളത്തില്‍ നിന്ന് വെള്ളം കടത്താന്‍ തമിഴ്‌നാട് ഭവാനിപ്പുഴയില്‍ വന്‍ തുരങ്കം പണിയുന്നു. ഭവാനിപ്പുഴയുടെ ഉത്ഭവസ്ഥലത്ത് തുരങ്കം നിര്‍മ്മിക്കുന്നത് കേരളം അറിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. രണ്ടു വര്‍ഷം കൊണ്ട് ആറു കിലോമീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് തുരങ്കം നിര്‍മ്മിച്ചത് അറിഞ്ഞില്ലെന്ന വാദം ദുരൂഹമാണ്. കേരളത്തിലെ, കിഴക്കോട്ട് ഒഴുകുന്ന ഏക നദിയായ ഭവാനിയുടെ ഉത്ഭവസ്ഥാനത്തെ (അപ്പര്‍ ഭവാനി) ജലസംഭരണിക്കു സമീപത്താണ് തമിഴ്‌നാട് എട്ടു കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മ്മിക്കുന്നത്.
ആറ് കിലോമീറ്റര്‍ പൂര്‍ത്തിയായി. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെയും അട്ടപ്പാടിയിലെ നൂറോളം ഊരുകളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുന്നതാണ് തുരങ്കം. അപ്പര്‍ ഭവാനിയിലെ ജലസംഭരണിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വെള്ളം പമ്പ് ചെയ്ത് ടണല്‍ വഴി തമിഴ്‌നാട്ടിലേക്കുതന്നെ കൊണ്ടുപോവാനാണ് പദ്ധതി. ഈ വെള്ളമുപയോഗിച്ച് 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും തമിഴ്‌നാടിന് പദ്ധതിയുണ്ട്. 2,200 കോടിയാണ് മുതല്‍ മുടക്ക്.മുള്ളി വഴി ഊട്ടിയിലേക്ക് കുടുബസമേതം വിനോദയാത്രപോയ കേരളത്തിലെ കെഎസ്‌ഇബി ജീവനക്കാരുടെ സംഘത്തോട് തമിഴ്‌നാട്ടിലെ ഒരു കരാര്‍ ജീവനക്കാരനാണ് ഇക്കാര്യം പറഞ്ഞതത്രേ.
അതിര്‍ത്തിയിലെ മുള്ളി മുതല്‍ ഡാം വരെ എട്ട് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് മാവോവാദി ഭീഷണിയുടെ പേരിലാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ തുരങ്കനിര്‍മ്മാണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണിതെന്നാണ് സൂചന. ടണല്‍ നിര്‍മ്മാണത്തെക്കുറിച്ച് മൂന്നു മാസം മുമ്പ് ജലവിഭവ വകുപ്പധികൃതര്‍ അന്വേഷണം നടത്തിയിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പിന്നീട് ഒരു വിവരവും പുറത്തുവന്നില്ല. അപ്പര്‍ ഭവാനി റിസര്‍വോയര്‍ പ്രദേശത്ത് കനത്ത പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട.് മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ സഞ്ചാരികളെയോ മറ്റുള്ളവരെയോ കടത്തിവിടാറുമില്ല.
കാവേരി നദിയുടെ പോഷകനദിയായ ഭവാനി തമിഴ്‌നാട്ടിലെ മുക്കൂര്‍ത്തി ദേശീയോദ്യാനത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. പുഴ അട്ടപ്പാടിയിലൂടെ 30 കിലോമീറ്റര്‍ ഒഴുകുന്നുണ്ട്. നൂറിലധികം വനവാസി ഊരുകള്‍ക്ക് കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ വെള്ളം നല്‍കിയാണ് വീണ്ടും തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്നത്. അന്തര്‍ സംസ്ഥാന നദീജലകരാര്‍ പ്രകാരം 6.4 ടിഎംസി ജലമാണ് കേരളത്തിന് ലഭിക്കേണ്ടത്. എന്നാല്‍ ഒരു ടിഎംസി വെള്ളം പോലും തമിഴ്‌നാട് നല്‍കുന്നില്ല. തുരങ്കത്തിലൂടെ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതോടെ നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടും.
സൈലന്റ് വാലി പ്രദേശവും നീലഗിരി ജൈവ വൈവിധ്യ മേഖലയും അപകടത്തിലാവും. 10 വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടി മരുഭൂമിയായി മാറുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഭവാനി പുഴയെ ഇല്ലാതാക്കാന്‍ തമിഴ്‌നാട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വേണ്ടിവന്നാല്‍ കാവേരി ട്രിബ്യൂണലില്‍ കേസ് ഫയല്‍ചെയ്യുമെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍ പറഞ്ഞു
Post Your Comments