തോമസ് ചെറിയാന് കെ
ലോകത്തിനു മുന്പില് ദൈവത്തിന്റെ സ്വന്തം നാടിന് തലകുനിയ്ക്കേണ്ടി വന്ന നിമിഷങ്ങളാണ് കടന്നു പോയത്. വാഴമുട്ടത്ത് നിന്നും കണ്ടെത്തിയ തലയില്ലാത്ത മൃതദ്ദേഹം വിദേശ വനിതയുടെതെന്ന സംശയത്തിലാണ് പൊലീസും ബന്ധുക്കളും.മാര്‍ച്ച് 14ന് കേരളത്തില്‍ ചികിത്സയ്ക്കായെത്തിയ ലിഗ സ്ക്രോമാന് എന്ന വിദേശ വനിതയുടെ തിരോധാനം മുതല്‍ തിരുവനന്തപുരത്ത് ഇന്നലെ തലയില്ലാത്ത സ്ത്രീയുടെ ശരീരം കണ്ടെടുത്തത് വരെയുളള നിമിഷങ്ങള്‍ക്കിടയില്‍ എന്താണ് നടന്നതെന്നറിയാന്‍ കാതോര്‍ത്തിരിക്കുകയാണ് ലോകം. മൃതശരീരം ലിഗയുടെതെന്ന് ഉറപ്പു വരുത്താന്‍ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്തു വരണം. പൊലീസിന്റെ അനാസ്ഥയാണ് തന്റെ പ്രിയ സഹോോദരിയുടെ ജീവനെടുത്തതെന്ന് ലിഗയുടെ സഹോദരി എലീസ് പറയുമ്പോഴും മൃതദേഹം ലിഗയുടെതാണോ എന്ന് ഉറപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
മരണം കൊലപാതകമെന്ന സംശയിക്കുന്നതായാണ് പൊലീസ് ഭാഷ്യം. പൊലീസ് സ്ഥിതീകരിച്ചിട്ടില്ലെങ്കിലും മൃതദ്ദേഹം ലിഗയുടേത് തന്നെയെന്ന് സഹോദരി എലീസും ഭര്‍ത്താവ് ആന്‍ഡ്രൂ ജോനാഥാനും പറയുന്നു. ഒരു മാസം പഴക്കമുള്ള അവസ്ഥയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. അതിനാല്‍ തന്നെ ഡിഎന്‍എ പരിശോധനാ ഫലം വരാന്‍ വൈകുമോ എന്നതും വിഷയത്തിലുളള ആശങ്ക വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മാസം 14നാണ് കോവളത്തു നിന്നും ലിഗ സ്ക്രോമാനെന്ന ലിത്വേനിയന്‍ വനിതയെ കാണാതാകുന്നത്. വിഷാദരോഗത്തിനടിമയായ ലിഗ സഹോദരി എലീസിനൊപ്പം ചികിത്സ നടത്തുവാനായാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോട് ധര്‍മ്മ എന്ന ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ ചികിത്സ നടത്താനായിരുന്നു ഇവര്‍ എത്തിയത്. എന്നാല്‍ ഇതിനിടെ സഹോദരിയോട് പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടെന്നാണ് വിവരം. അവിടെ വച്ചാണ് ലിഗയെ കാണാതാകുന്നത്. കോവളത്ത് ഓട്ടോയിലാണ് ലിഗ എത്തിയതെന്നും വിവരമുണ്ട്. പിന്നീട് ദിവസങ്ങളോളം ലിഗയുടെ തിരോധാനത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ കോവളത്തിനു സമീപമുള്ള വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടല്‍ കാടിനുള്ളില്‍ കണ്ടെത്തിയ മൃതദ്ദേഹം ലിഗയുടെതാണോ എന്ന സംശയത്തിനു കൂടി ഉത്തരം ലഭിച്ചാല്‍ മാത്രമേ തിരോധാനം മുതല്‍ ലിഗയ്ക്ക് എന്താണ് സംഭവിച്ചത് എന്നതിലേക്ക് പൊലീസിനും എത്തിച്ചേരാന്‍ കഴിയൂ.
മൃതദ്ദേഹം കണ്ടെത്തുമ്പോള്‍ എലിസും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോനാഥാനും കാസര്‍കോഡായിരുന്നു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ തിരുവനന്തപുരത്തെത്തുകയും മൃതദ്ദേഹം കണ്ട് ലിഗയുടെതെന്ന് പൊലീസിനോട് പറയുകയും ചെയ്തു. ശരീരത്തു നിന്നും തലയോട്ടി വേര്‍പെട്ട് മൃതദ്ദേഹം കാട്ടു
വള്ളികളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഈ ഭാഗത്ത് മത്സ്യ ബന്ധനത്തിനെത്തിയവരാണ് മൃതദ്ദേഹം ആദ്യം കണ്ടത്. ഇതിനാല്‍ തന്നെ മരണം കൊലപാതകമാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ലിഗയെ കാണാതായത് മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഭര്‍ത്താവ് ആന്‍ഡ്രുവും എലിസും പോസ്റ്റുകള്‍ ഇട്ടിരുന്നു. ആയിരക്കണക്കിന് പേരുടെ പ്രാര്‍ഥനകളും പ്രതികരണങ്ങളുമാണ് ഈ പോസ്റ്റുകള്‍ക്ക് എത്തിയത്. ഇതിനോടൊപ്പം തന്നെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ലിഗയുടെ ചിത്രമുള്ള പോസ്റ്ററുകളും ഇവര്‍ ഒട്ടിച്ചു. വിഷാദരോഗിയായിരുന്ന ലിഗയ്ക്ക് ആറാഴ്ച്ച ആയുര്‍വേദ ചികിത്സയും രണ്ടാഴ്ച്ച മെഡിറ്റേഷനുമാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി മൂന്നിന് കൊച്ചിയില്‍ വിമാനമിറങ്ങിയ ഇവര്‍ ബസ് മാര്‍ഗം ആലപ്പുഴയിലേക്കും പിന്നീട് കൊല്ലത്തേക്കും അവിടെ നിന്ന് തിരുവനന്തപരത്തേക്കും പോവുകയായിരുന്നു. പോത്തന്‍കോട് ധര്‍മ്മ എന്ന ചികിത്സാ കേന്ദ്രത്തിലേക്ക് ഇവര്‍ എത്തിയിരുന്നു. 14ന് രാവിലെ എട്ടോടുകൂടി യോഗയ്ക്കു പോകാന്‍ തയാറായി നിന്ന ലിഗ തനിക്ക് ചുംബനം നല്കിയ ശേഷം തയാറായി വരാന്‍ പറഞ്ഞതായി സഹോദരി പറയുന്നു. എന്നാല്‍ തിരികെ വന്നപ്പോള്‍ ലിഗയെ കണ്ടില്ല. എന്നാല്‍ പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ മുറിയില്‍ വച്ചിട്ടാണ് ലിഗ പോയത്. ഫോണും ലിഗ മുറിയില്‍ തന്നെ വയ്ച്ചിരുന്നു. പുറത്തിറങ്ങി അന്വേഷിച്ചപ്പോള്‍ ഓട്ടോയില്‍ കോവളത്തേക്ക് പോയി എന്ന വിവരമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് എലിസയും ആശ്രമത്തിലുള്ളവരും ചേര്‍ന്ന് കോവളത്തെത്തി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അയര്‍ലന്റില്‍ നിന്നും ഭര്‍ത്താവ് ആന്‍ഡ്രൂ കേരളത്തിലേക്ക് എത്തുന്നത്. മാര്‍ച്ച് 18നാണ് അദ്ദേഹം കേരളത്തിലെത്തിയത്. ലിഗയുടെ ചിത്രം
കാട്ടി കണ്ടെത്താന്‍ സഹായിക്കണമെന്ന് ആന്‍ഡ്രൂ
അഭ്യര്‍ഥിക്കുന്ന ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പരാതി നല്കാന് പൊലീസിനെ സമീപച്ചതു മുതല്‍ ഉത്തരവാദിത്വമില്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് എലീസ പറയുന്നു. വേണ്ടത്ര ഗൗരവം നല്‍കിയല്ല പൊലീസ് കേസ് കൈകകാര്യം ചെയ്തതെന്ന് ഇവര്‍ വേദനയോടെ പറയുന്നു. ഒരാളെ കാണാതായി ആദ്യ 24 മണിക്കൂര്‍ അതീവ ജാഗ്രതയോടെ അന്വേഷണം നടത്തേണ്ടതല്ലെ എന്ന ഈ വിദേശികളുടെ ചോദ്യത്തിനു മുന്പില് കേരളത്തിന് ലജ്ജയോടെ നില്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍.
വിദേശികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വച്ച് ഇത്തരമൊരു ദുരനുഭവം ഉണ്ടായതില്‍ ഏറെ ദുഖിതരാണ് ഈ നിസഹായരായ വിദേശികള്‍. സ്വന്തം കുടുംബാംഗത്തിന്റെ ചോര വീണ മണ്ണിനെ ഭയത്തോടെ അവര്‍ കാണരുതേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ കേരളത്തിന്റെ മനസിന് സാധിക്കൂ. ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് തന്റെ പ്രിയതമയുടെ മരണത്തിലേക്ക് എത്തിച്ചതെന്ന് ആ ഭര്‍ത്താവ് പറഞ്ഞാലും അല്ലെന്ന് വാദിക്കാന്‍ നമുക്ക് കഴിയില്ല. ലിഗയുടെ തിരോധാനത്തിന്റെയും വാഴമുട്ടത്ത് കണ്ടെത്തിയ മൃതദ്ദേഹത്തിന്റെയും പിന്നിലുള്ള കറുത്തമറ നീക്കാന്‍ സര്‍ക്കാരിനും കേരളത്തിലെ ഓരോ പൗരനും ഒരു പോലെ ഉത്തരവാദിത്വമുണ്ട്. ഇനി ഈ മണ്ണില്‍ ഇത്തരമൊരു ക്രൂരതയുണ്ടാകരുതെന്നും വേര്‍പാടിന്റെ വേദനയിലിരിക്കുന്ന ആ കുടുംബത്തിന് ആശ്വാസം നല്‍കണമെന്നും സത്യം ഉടന്‍ പുറത്തു വരണമെന്നും നമുക്ക് പ്രാര്‍ഥിക്കുകയും ചെയ്യാം.
Post Your Comments