കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ മെഡിക്കല്‍ബോര്‍ഡ് രൂപീകരിച്ചു. 5 ഡോക്ടര്‍മാരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ശ്രീജിത്തിന് എങ്ങനെയൊക്കെ മര്‍ദ്ദനമേറ്റെന്ന് കണ്ടെത്താനാണ് സംഘത്തിന്റെ ആദ്യ ശ്രമം. ശ്രീജിത്തിന്റ കൂട്ടുപ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടിപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഇതില്‍ മരണ കാരണമായ പരുക്കേതെന്നതാണു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആദ്യം അറിയേണ്ടത്. ഈ പരുക്കു സംഭവിച്ച സമയം, ഇതിന് ആധാരമായ മര്‍ദനം എന്നിവയും അറിയേണ്ടതുണ്ട്. പൊലീസിന്റെ മര്‍ദനമേറ്റാണു ശ്രീജിത്ത് മരിച്ചതെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. പരുക്കുകളുടെ വിശകലനത്തിലൂടെ മാത്രമേ, ഏതു വിധത്തില്‍, ആരുടെ മര്‍ദനമേറ്റാണു മരണമെന്നു വ്യക്തമാവൂ.
അതേസമയം മരിച്ച ശ്രീജിത്തിന് ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ പീഡനം എന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കിടത്തുമ്പോള്‍ ശരീരത്തില്‍ ദൃശ്യമായ മുറിവുകളും പരുക്കുകളും വിശദീകരിക്കുന്ന ആന്റിമോര്‍ട്ടം റിപ്പോര്‍ട്ടിലും തുടര്‍ന്നുള്ള വിവരണത്തിലും ഇത് വ്യക്തം.
18 മുറിവുകള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ശേഷം തുടര്‍ന്നു നല്കിയ വിവരണം
ജനനേന്ദ്രിയത്തില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നു. ഞെരിച്ചതിന്റെയോ അടിച്ചതിന്റെയോ സൂചന. ഏറ്റവും മാരകമായ ക്ഷതം ഇതാണ്.
തുടകളുടെ ഉള്ളില്‍ ചതവ്. ഇത് ഉരുട്ടല്‍ പോലെയുള്ള പീഡനത്തിന്റെ സൂചന. കമ്പിയില്‍ തുണി കെട്ടി ഉരുട്ടിയതു മൂലം അകത്തു മാത്രം മുറിവ്.
മുഖത്തു മാരകമായ മുറിവ്. മുഖം കൂട്ടിപ്പിടിച്ചു ശക്തിയായി തള്ളിയതാകണം
വയറ്റില്‍ തൊഴിച്ചതിന്റെ ക്ഷതം. ആന്തരാവയവങ്ങള്‍ക്കു ക്ഷതം. കുടല് പൊട്ടി. നിലത്തു കിടത്തി ചവിട്ടിയതോ ഭിത്തിയില്‍ ചാരി നിര്‍ത്തി ചവിട്ടിയതോ ആകണം.
Post Your Comments